ഇന്ത്യയുടെ സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യില്ല; സ്റ്റാര്‍ സ്‌പോര്‍ട്‌സിന് എതിരെ ആരാധകര്‍

യു.എ.ഇയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സൗഹൃദ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യില്ലെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സ്റ്റാര്‍ സ്‌പോര്‍ട് ഇക്കാര്യം വ്യക്തമാക്കിയത്. സംപ്രേഷണാവകാശം ഇല്ലാത്തതിനാലാണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാത്തതെന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇതിന് കാരണമായി പറയുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ക്രിക്കറ്റിനാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് അമിതപ്രാധാന്യമാണ് നല്‍കുന്നതെന്നും ഫുട്‌ബോളിനെ മറന്നു കളയുകയാണെന്നും ആരാധകര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം യു.എ.ഇയില്‍ നടന്ന ഐ.പി.എല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് സംപ്രേക്ഷണം ചെയ്തത്.

ലോക കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഒമാനും യു.എ.ഇയ്ക്കുമെതിരെയാണ് ഇന്ത്യയുടെ സൗഹൃദ മത്സരങ്ങള്‍. മാര്‍ച്ച് 25ന് ഒമാനെയും 29ന് യു.എ.ഇയെയുമാണ് ഇന്ത്യ നേരിടുക. രണ്ട് മത്സരങ്ങളും ദുബായിലായിരിക്കും നടക്കുക.

Read more

ഖത്തര്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ അവശേഷിക്കുന്ന യോഗ്യതാ മത്സരങ്ങളുള്ളത്. ജൂണ്‍ മൂന്നിന് ഖത്തറിനെയും ഏഴിന് ബംഗ്ലാദേശിനെയും 15ന് അഫ്ഗാനിസ്ഥാനെയുമാണ് ഇന്ത്യ നേരിടുക.