ചരിത്രനേട്ടവുമായി ​ഗോകുലം കേരള; കേരളത്തിന് ആദ്യ ഐ ലീഗ് കീരിടം

ചരിത്രത്തിലാദ്യമായി ഐ ലീ​ഗ് ഫുട്ബോൾ കിരീടം കേരളത്തിന് സ്വന്തം. മണിപ്പൂരി ക്ലബ് ട്രാവുവിനെ 4–1ന് തകർത്ത് ​ഗോകുലം കേരളയാണ് കി‌രീടം കേരളത്തിലെത്തിച്ചത്.

കേരള പോലീസ് രണ്ടുവട്ടം ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയശേഷം ഇതാദ്യമായാണ് ഒരു കേരള ടീം ദേശീയ ഫുട്‌ബോൾ കിരീടത്തിൽ മുത്തമിടുന്നത്.

ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. നിലവിലെ ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരാണ് ഗോകുലം. ഈ വിജയത്തോടെ എ.എഫ്.സി കപ്പിന് ടീം യോ​ഗ്യത നേടി

ഷെരീഷ് മുഹമ്മദ് (70), എമിൽ ബെന്നി (74), ഘാന താരം ഡെന്നിസ് അഗ്യാരെ (77), മുഹമ്മദ് റാഷിദ് (90+8) എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്.

24–ാം മിനിറ്റിൽ ബിദ്യാസാഗർ സിങ് നേടിയ ഗോളിലാണ് ട്രാവു എഫ്‍സി ലീഡെടുത്തത്. വിജയത്തോടെ 29 പോയിന്റുമായാണ് ഗോകുലം ചാംപ്യൻമാരായത്.

ഇതേ സമയത്തു നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തിയ ചർച്ചിൽ ബ്രദേഴ്സിനും 29 പോയിന്റുണ്ടെങ്കിലും ഗോൾവ്യത്യാസത്തിലാണ് ഗോകുലം കിരീടം സ്വന്തമാക്കിയത്.