ജര്‍മ്മനിയോട് വെറുപ്പാണെന്ന് അര്‍ജന്റീനന്‍ പരിശീലകന്‍

റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള നറുക്കെടുപ്പ് മോസ്‌കോയില്‍ നടക്കാനിരിയ്‌ക്കെ അര്‍ജന്റീനന്‍ പരിശീലകന്‍ ജോര്‍ജ്ജ് സാംപോളിയുടെ തുറന്നു പറച്ചിലാണ് ഫുട്‌ബോള്‍ ലോകത്തിപ്പോള്‍ ചര്‍ച്ചാവിഷയം. ലോകകപ്പ് നേടുമെന്ന് പ്രവചിയ്ക്കപ്പെടുന്ന ടീമുകളിലൊന്നാണ് ജര്‍മനി. എന്നാല്‍ തനിയ്ക്ക് ജര്‍മനി കളിയ്ക്കുന്ന ശൈലി ഇഷ്ടമല്ല എന്നാണ് സാംപോളി തുറന്നടിച്ചിരിയ്ക്കുന്നത്.

ജോഷിം ലോയും സംഘവും കപ്പില്‍ കുറഞ്ഞൊതൊന്നും ലക്ഷ്യമിടാതെയാണ് റഷ്യയില്‍ ഇറങ്ങുക. 1958 ലും 1962 ലും തുടര്‍ച്ചയായി രണ്ട് വട്ടം ലോകകപ്പ് ജേതാക്കളായ ബ്രസീലിന്റെ നേട്ടത്തിനൊപ്പമെത്താനുള്ള ശ്രമങ്ങളുമായിട്ടാവും ജര്‍മനി 2018 ല്‍ റഷ്യയില്‍ ഇറങ്ങുക.

“എനിയ്ക്ക് ജര്‍മനിയുടെ കളി ഇഷ്ടമല്ല.എന്നെ സംബന്ധിച്ച് ബ്രസീല്‍,ഫ്രാന്‍സ്,സ്‌പെയിന്‍ എന്നീ ടീമുകളാണ് അര്‍ജന്റീനയേക്കാള്‍ ഒരുപടി മുന്നിലുള്ളത്.” സാംപോളി പറയുന്നു. ഞാന്‍ ജര്‍മനിയുടെ പേര് ഓര്‍ക്കാതിരുന്നിട്ടല്ല പറയാഞ്ഞത് എന്നും സാംപോളി പറഞ്ഞു.

അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിയേ പുകഴ്ത്താനും സാംപോളി മറന്നില്ല. അര്‍ജന്റീനയുടെ ഭാഗ്യമാണ് മെസ്സി. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറെ പരിശീലിപ്പിയ്ക്കാന്‍ കിട്ടുന്ന അവസരം ആരെങ്കിലും പാഴാക്കുമോ? അതുകൊണ്ട് തന്ന അര്‍ജന്റീനയുടെ പരിശീലകനാകാന്‍ വിളിച്ചപ്പോള്‍ അധികമൊന്നും ആലോചിയ്‌ക്കേണ്ടി വന്നില്ല. സാംപോളി പറഞ്ഞു.