ഐഎസ്എല്ലില്‍ ഇന്ന് ‘ഒരു കട്ട ലോക്കല്‍’ കളി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ‘കട്ട ലോക്കല്‍’ കളി. മലയാളി താരങ്ങളായ അനസ് എടത്തൊടികയും സികെ വിനീതും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തിനായി ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചായി. ഇന്ത്യന്‍ ഫുട്‌ബോളിലെ മികച്ച രണ്ട് താരങ്ങള്‍ എതിരിടുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്നതാണ് കാണികള്‍ ഉറ്റു നോക്കുന്നത്.

വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന ഇന്ത്യന്‍ ഫുട്‌ബോളില്‍ മലയാളി താരങ്ങളായ അനസും വിനീതും ഇതിനോടകം തന്നെ കാണികളുടെ ഇഷ്ട താരങ്ങളായി മാറിയിട്ടുണ്ട്. ആരാധകരുടെ മനസുകളില്‍ കേരളത്തിന്റെ ഫുട്‌ബോള്‍ ഐക്കണുകളായ അനസും വിനീതും രണ്ടു ടീമുകള്‍ക്കായി കയ്‌മെയ്മറന്നു പോരാടുമ്പോള്‍ ആരാധകര്‍ക്ക് കൗതുകം അടക്കാന്‍ വയ്യ. ഇന്ന് എട്ട് മണിക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ്-ജംഷഡ്പൂര്‍ എഫ്‌സി പോരാട്ടം.

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അനസ് എടത്തൊടിക ഐഎസ്എല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളാണ്. ഐഎസ്എല്‍ പ്ലെയര്‍ ഡ്രാഫ്റ്റില്‍ ആദ്യ വിളിയില്‍ തന്നെ ജംഷഡ്പൂര്‍ എഫ്‌സി അനസിനെ സ്വന്തമാക്കിയത് താരത്തിന്റെ പ്രകടനമികവിനുള്ള ഉദാഹരണമാണ്. അതേസമയം, സികെ വിനീതിനെ നിലനിര്‍ത്താനാണ് കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിനായി ആരാധകര്‍ ആര്‍പ്പുവിളിക്കുമ്പോഴും സ്വന്തം താരമായ അനസിനെ ഇകഴ്ത്താന്‍ മലയാളി ആരാധകര്‍ ഒരുക്കമല്ലെന്ന് കഴിഞ്ഞ സീസണില്‍ ഗ്രൗണ്ടില്‍ കണ്ട ബാനറുകളില്‍ നിന്നും വ്യക്തമാണ്. പ്രതിരോധത്തില്‍ ഉരുക്കുമതില്‍ തീര്‍ക്കുന്ന അനസിന്റെ മികവിനെ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയിലെ നിര്‍ണായക താരമായ വിനീത് എങ്ങിനെ മറികടക്കുമെന്നാണ് നിരീക്ഷകര്‍ നോക്കിക്കാണുന്നത്.