ഖത്തറിലേത് തന്റെ അവസാന ലോകകപ്പ്; ഉറപ്പിച്ച് ലയണല്‍ മെസി

ഖത്തര്‍ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം വ്യക്തമാക്കിയത്. ശാരീരികമായും മാനസികമായും താന്‍ ഫിറ്റാണെന്ന് വ്യക്തമാക്കിയ മെസി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമോ എന്ന കാര്യം വ്യക്തമാക്കിയില്ല.

2014ലും 2015ലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാല്‍ ലോകകപ്പ് ഫൈനലിലെയും കോപ്പ അമേരിക്കയിലെയും തോല്‍വിയില്‍ വിമര്‍ശനം നേരിടേണ്ടി വന്നു. ഫൈനല്‍ മല്‍സരത്തിലൊഴികെ എല്ലാ മല്‍സരത്തിലും അര്‍ജന്റീന മികച്ച പ്രകടനം കാഴ്ച വെച്ചു. യുവതാരങ്ങള്‍ അടങ്ങിയ അര്‍ജന്റീന ഏറെ പ്രതീക്ഷയോടെയാണ് ഖത്തറിലെത്തുന്നത്. യുവതാരങ്ങളുടെ മികച്ച പ്രകടനം കോപ്പ 2019ല്‍ കോപ്പ അമേരിക്ക വിജയത്തില്‍ നിര്‍ണായകമായെന്നും അര്‍ജന്റീന നായകന്‍ വ്യക്തമാക്കി.

അര്‍ജന്റീനയ്ക്കായി കളിക്കുന്നത് താന്‍ ആസ്വദിക്കുന്നുവെന്നു പറഞ്ഞ മെസി നാട്ടുകാരുടെ സ്‌നേഹം താന്‍ ഏറെ വിലമതിക്കുന്നുവെന്നും വ്യക്തമാക്കി. മാരക്കാന സ്റ്റേഡിയത്തില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം ഖത്തറില്‍ വീണ്ടെടുക്കാനുള്ള പടപ്പുറപ്പാടിലാണ് മെസിയും സംഘവും. 2014 ല്‍ ബ്രസീല്‍ ആതിഥേയത്വം വഹിച്ച ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീന ഫൈനലില്‍ ജര്‍മനിയോട് തോല്‍ക്കുകയായിരുന്നു.

നിലവില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി മികച്ച പ്രകടനമാണ് മെസി കാഴ്ചവയ്ക്കുന്നത്. പിഎസ്ജിക്കായി പതിമൂന്ന് മത്സരങ്ങളില്‍ നിന്ന് മെസി നേടിയ എട്ട് ഗോളുകളും എട്ട് അസിസ്റ്റുകളും പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധമുള്ളതാണ്.

അര്‍ജന്റീനക്കായി 164 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച മെസി 90 ഗോളുകള്‍ നേടിയിട്ടുണ്ട്. ലോകകപ്പില്‍ 19 മല്‍സരങ്ങളില്‍ നിന്ന് ആറു ഗോളുകളാണ് മെസി നേടിയത്. തോല്‍വി അറിയാതെ തുടര്‍ച്ചയായ 35 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അര്‍ജന്റീന ഖത്തറിലെത്തുന്നത്.