അച്ഛന്‍ ആദ്യം കളിച്ചു, പിന്നെ പരിശീലകനായി ; അതേ ക്‌ളബ്ബില്‍ ഇപ്പോള്‍ 19-കാരി മകളും കളിക്കാരി

അച്ഛനും മകനും ഒരേ ക്ലബ്ബിന്ു വേണ്ടി കളിക്കുന്നത് അത്ര പുതിയ കാര്യമല്ല. പക്ഷേ പരിശീലകനായ അപ്പനും മകളും ഒരേ ടീമില്‍ വരിക എന്നത് അത്ര സാധാണമെന്ന് പറയാനാകില്ല. ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത് ഇതാണ്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ മുന്‍ കളിക്കാരനും മുന്‍ പരിശീലകനുമായ ഒലേ ഗുണ്ണാര്‍ സോള്‍ഷറിന്റെ മകള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വനിതാടീമിനായി കളത്തിലിറങ്ങി.

കഴിഞ്ഞ ദിവസം നടന്ന വനിതാ എഫ്എ കപ്പ് ഫുട്‌ബോളില്‍ ബ്രിജ്വാട്ടര്‍ യുണൈറ്റഡിനെതിരെയായിരുന്നു മകള്‍ കര്‍ന സോള്‍ഷ്യര്‍ കളത്തിലെത്തിയത്്. 85 ാം മിനിറ്റില്‍ പകരക്കാരിയുടെ വേഷത്തിലായിരുന്നു 19 കാരി കര്‍ന എത്തിയത്. അക്കാദമി ടീമിനു വേണ്ടി കഴിഞ്ഞയാഴ്ച ആസ്റ്റന്‍ വില്ലയ്‌ക്കെതിരെ കര്‍ന തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളാകുന്ന അച്ഛനും മകളും എന്ന റെക്കോര്‍ഡും ഇതോടെ സോള്‍ഷ്യര്‍ കുടുംബത്തിനു സ്വന്തമായി. യുണൈറ്റഡിന്റെ 1999ലെ ചാംപ്യന്‍സ് ലീഗ് വിജയത്തില്‍ ഗോളടിച്ചു താരമായ ഒലെ കഴിഞ്ഞ നവംബര്‍ വരെ ക്ലബ്ബിന്റെ പരിശീലകനുമായിരുന്നു. ഒലെയുടെ 3 മക്കളില്‍ രണ്ടാമത്തെയാളാണു കര്‍ന്. ഈ സീസണിന്റെ പകുതിയോടെയാണ് സോള്‍ഷറിന് സ്ഥാനം നഷ്ടമായത്. മകളുടെ അരങ്ങേറ്റം കാണാന്‍ നാല്‍പത്തിയെട്ടുകാരന്‍ സോള്‍ഷറും ഭാര്യ സില്‍ജെയും ഗാലറിയിലുണ്ടായിരുന്നു.