മെസിയുടെ വരവില്‍ പി.എസ്.ജിക്ക് ഹാപ്പി ക്രിസ്മസ്; ഫ്രഞ്ച് ക്ലബ്ബിന് നേട്ടങ്ങള്‍ ചില്ലറയല്ല

ലോകത്തെ കിടയറ്റ ഫുട്ബോള്‍ താരങ്ങളിലൊരാളായ ലയണല്‍ മെസിയുടെ വരവ് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്ക് നല്‍കിയത് വന്‍ നേട്ടങ്ങള്‍. മെസിയുടെ വരവ് ഫ്രഞ്ച് ക്ലബ്ബിന്റെ വരുമാനം കൂട്ടിയെന്ന് ഗോള്‍ഡോട്ട്‌കോമിന്റെ പഠനം പറയുന്നു.

പിഎസ്ജിയുടെ ജഴ്സിക്കച്ചവടം മെച്ചപ്പെട്ടെന്നുംസ്പോണ്‍സര്‍ഷിപ്പുകള്‍ കൂടിയെന്നും സമൂഹ മാധ്യമങ്ങളില്‍ ടീമിനെ പിന്തുടരുന്നവരുടെ എണ്ണവും ഫ്രഞ്ച് ലീഗ് വണ്‍ കളി കാണുന്നവരുടെ എണ്ണവും ഉയര്‍ന്നുവെന്നാണ് പഠനം പറയുന്നത്. കഴിഞ്ഞ സമ്മറിലായിരുന്നു പിഎസ്ജി ബാഴ്സിലോണയുടെ പൊന്നുംവിലയുള്ള താരമായിരുന്ന മെസിയെ പാളയത്തിലെത്തിച്ചത്. മെസിയുടെ ടീമിലെത്തിയതിനു പിന്നാലെ 2020 -21 സീസണില്‍ പിഎസ്ജിയുടെ 10 ലക്ഷം ജഴ്സിയാണ് വിറ്റുപോയത്. കോവിഡ് മഹാമാരിയില്‍ ജഴ്‌സി നിര്‍മ്മാണത്തിന് ഒട്ടേറെ തടസ്സം വന്നെന്നും അല്ലെങ്കില്‍ വില്‍പ്പന ഇതിലും കൂടുമായിരുന്നെന്നും ക്ലബ്ബിന്റെ സ്പോണ്‍സര്‍ഷിപ്പ് ഡയറക്ടര്‍ മാര്‍ക്ക് ആംസ്ട്രോംഗ് പറയുന്നു. ക്ലബ്ബിന്റെ ചരിത്രത്തിലെ റെക്കോഡ് ജഴ്സി വില്‍പ്പനയാണ് മെസിയുടെ വരവോടെ നടന്നത്.

മാത്രമല്ല പിഎസ്ജിയ്ക്ക് സ്പോണ്‍സര്‍ഷിപ്പും വ്യൂവര്‍ഷിപ്പും കൂടാനും മെസിയുടെ ടീം പ്രവേശം കാരണമായി. മെസി ക്ലബ്ബ് വിടുന്ന കാര്യം ബാഴ്സ ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ തുടങ്ങി പിഎസ്ജിയെ തേടിയുള്ള സ്പോണ്‍സര്‍മാരുടെ തള്ളിക്കയറ്റം. ഓതറോം ക്രിപ്റ്റോ ഡോട്ട്കോം, സ്മാര്‍ട്ട് ഗുഡ് തിംഗ്സ്, ഗോറില്ലാസ് തുടങ്ങി നിരവധി കമ്പനികളാണ് പിഎസ്ജിയ്ക്ക് മുന്നില്‍ പാര്‍ട്ണര്‍ഷിപ്പിനായി ക്യൂ നില്‍ക്കുന്നത്. താരം കരാര്‍ ഒപ്പുവെച്ചപ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ ടീമിന്റെ സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണം 20 ദശലക്ഷമായിരുന്നു. മാസം തോറും 10 ലക്ഷം വീതം അന്നുമുതല്‍ കൂടിക്കൊണ്ടുമിരിക്കുകയാണ്. ഇപ്പോള്‍ ക്ലബ്ബിന്റെ സാമൂഹ്യമാധ്യ ആരാധകരുടെ എണ്ണം 150 ദശലക്ഷം ആയിട്ടുണ്ട്.

ഈ സീസണില്‍ 15 കളിയില്‍ പിഎസ്ജിയ്ക്കായി ഇറങ്ങിയ മെസി ഇതുവരെ നേടിയത് ആറ് ഗോളുകളും അഞ്ച് അസിസ്റ്റുമാണ്. മെസിയുടെ സാന്നിധ്യം ക്ലബ്ബിന്റെ ടിക്കറ്റ് വില്‍പ്പനയിലും പ്രതിഫലിക്കുന്നുണ്ട്. മത്സരങ്ങളുടെ ടിക്കറ്റുകള്‍ അഡ്വാന്‍സായി വില്‍ക്കപ്പെടുകയാണെന്നും ആംസ്ട്രോംഗ് പറയുന്നു. പിഎസ്ജിയുടെ മത്സരം ടെലിവിഷനിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും കാണുന്നവരുടെ എണ്ണവും ഉയര്‍ന്നുകഴിഞ്ഞു.