ഗുര്‍പ്രീത് ആണ് ഞങ്ങളുടെ മൂന്ന് പോയിന്റ് ഇല്ലാതാക്കിയത്: ഖത്തര്‍ കോച്ച്

ലോക കപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യയോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങാന്‍ ഏക കാരണം ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് സിംഗ് മാത്രമാണെന്ന് ഖത്തര്‍ പരിശീലകന്‍ ഫെലിക്‌സ് സാഞ്ചേസ്. ഗോള്‍ വലയ്ക്ക് കീഴിയില്‍ ഗുര്‍പ്രീത് നടത്തിയ പ്രകടനം അഭിനന്ദനാര്‍ഹമായിരുന്നു എന്ന് പറഞ്ഞ സാഞ്ചസ് ടീം ഇന്ത്യയ്ക്കും ആശംസകള്‍ നേര്‍ന്നു.

മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗുര്‍പ്രീത് കാഴ്ച്ചവെച്ചത്. മത്സരത്തില്‍ 11 സേവുകളാണ് ഇന്ത്യന്‍ ഗോളി നടത്തിയത്. നിലവിലെ ഏഷ്യാകപ്പ് ചാമ്പ്യന്‍മാരെയാണ് ഇന്ത്യ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്. ഗുര്‍പ്രീത് സിംഗ് പാറിപ്പറന്നപ്പോള്‍ ഖത്തര്‍ സമനില സമ്മതിക്കുകയായിരുന്നു.

ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഗുര്‍പ്രീത് സിംഗിന്റെ വമ്പന്‍ സേവുകളാണ് മത്സരം ഗോള്‍രഹിത സമനിലയിലാക്കിയത്. സമനിലയോടെ ലോക കപ്പ് യോഗ്യതാ റൗണ്ടില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ സ്റ്റിമാച്ചിന്റെ പടയ്ക്കായി.

ഇതിഹാസ താരം സുനില്‍ ഛേത്രിയില്ലാതെ ഇറങ്ങിയ ഇന്ത്യ ആദ്യ ഇലവനില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന് അവസരം നല്‍കി. ശ്രദ്ധേയമായ നീക്കങ്ങളോടെ സഹല്‍ ഗാലറിയില്‍ മലയാളി ആരാധകരെ ത്രസിപ്പിച്ചപ്പോള്‍ ഗുര്‍പ്രീതിന്റെ കൈകളാണ് ഇന്ത്യയുടെ ജീവന്‍ നിലനിര്‍ത്തിയത്. ഖത്തര്‍ 27 ഷോട്ടുകളുതിര്‍ത്തപ്പോള്‍ ഒന്ന് പോലും ക്രോസ് ബാറിനെ ഭേദിക്കാന്‍ ഗുര്‍പ്രീത് അനുവദിച്ചില്ല.

മറുവശത്ത് ഒമാനെതിരായ മത്സരത്തില്‍ നിന്നും വ്യത്യസ്തമായി ഛേത്രിയില്ലാത്ത മുന്നേറ്റനിര കാര്യമായ ആക്രമണം പുറത്തെടുത്തില്ല. ഉദാന്ത സിംഗിന്റെ ചില നീക്കങ്ങളൊഴിച്ചാല്‍ ഖത്തര്‍ ഗോള്‍മുഖം അധികം പരീക്ഷിക്കപ്പെട്ടില്ല. അവസാന മിനിറ്റുകളില്‍ ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിനെ സ്റ്റിമാച്ച് പരീക്ഷിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.