അഭിമാനമായി ഗോകുലം വനിതകള്‍; ദേശീയ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീം

ഇന്ത്യന്‍ വനിതാ ലീഗ് കിരീടം ഗോകുലം കേരള എഫ് സി സ്വന്തമാക്കി. ബംഗളൂരുവില്‍ നടക്കുന്ന ഫൈനലില്‍ ക്രിപ്‌സയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഗോകുലം കേരള കിരീടത്തില്‍ മുത്തമിട്ടത്.

ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് എത്തിയ ക്രിപ്‌സയ്ക്ക്  ഗോകുലത്തിന്റെ മുന്നില്‍ എത്തിയപ്പോള്‍  പിഴച്ചു.

കളിയുടെ ഒന്നാം മിനിട്ടില്‍ തന്നെ പരമേശ്വരിയിലൂടെ ഗോകുലം ലീഡ് എടുത്തു. തുടരെ ആക്രമണം നടത്തിയ ഗോകുലം 27-ാം മിനിട്ടില്‍ രണ്ടാം ഗോള്‍ നേടി. കമലാദേവിയുടെ ഫ്രീകിക്കിലൂടെ ആയിരുന്നു രണ്ടാം ഗോള്‍ വന്നത്.

ആദ്യ പകുതി അവസാനിക്കും മുമ്പ് ക്രിപ്‌സ ഗോള്‍ മടക്കി. ഒരു കോര്‍ണറില്‍ നിന്ന് ഗ്രേസ് ആണ് ക്രിപ്‌സയ്ക്ക് പ്രതീക്ഷ നല്‍കിയത്. രണ്ടാം പകുതിയില്‍ സമനില ഗോളിനായി ക്രിപ്‌സ പൊരുതിയതോടെ രത്‌നാ ബാല ദേവിയിലൂടെ രണ്ടാം ഗോളും നേടി.

സമനിലയിലേക്ക് കടക്കുമെന്ന കണ്ട കളിയില്‍ സബിത്രയിലൂടെ ഗോകുലം കേരള എഫ് സി വിജയ ഗോള്‍ നേടി.  86-ാം മിനിട്ടിലായിരുന്നു ഗോകുലം ഗോള്‍ നേടിയത്. ഇതോടെ ദേശീയ ലീഗ് കിരീടം കേരളത്തിലേക്ക് എത്തിക്കുന്നത് ആദ്യ ടീമായി ഈ വിജയത്തോടെ ഗോകുലം വനിതകള്‍ മാറി.