'അന്ന് ബ്രസീലിന് സംഭവിച്ചതാണ് ഇന്ന് ഞങ്ങള്‍ക്ക് ഉണ്ടായത്'; നാണക്കേടിന്റെ കൈയ്പ്പറിഞ്ഞ് ജര്‍മ്മനി

യുവേഫ നാഷന്‍സ് ലീഗ് ലീഗില്‍ സ്‌പെയിനോട് വമ്പന്‍ തോല്‍വി വഴങ്ങിയതിന്റെ നാണക്കേടിലാണ് ജര്‍മ്മനി. എതിരില്ലാത്ത ആറ് ഗോളിനാണ് ജര്‍മ്മനിയെ സ്‌പെയിന്‍ തകര്‍ത്തെറിഞ്ഞത്. വമ്പന്‍ തോല്‍വിയ്ക്ക പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ജര്‍മ്മന്‍ ഫുട്ബാള്‍ അസോസിയേഷന്‍ ചീഫ് ഒളിവര്‍ ബെയര്‍ഹോഫ്. 2014 ലോക കപ്പ് സെമിയില്‍ ജര്‍മ്മനിയോട് ബ്രസീല്‍ വഴങ്ങിയ 7-1 വമ്പന്‍ തോല്‍വിയോടാണ് ബെയര്‍ഹോഫ് ടീമിന്റെ പ്രകടനത്തെ ഉപമിച്ചത്.

“2014 ബ്രസീലിന് കളിക്കളത്തില്‍ സംഭവിച്ചതാണ് ഇന്ന് ഞങ്ങള്‍ക്ക് ഉണ്ടായത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിക്കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കോച്ച് ജോക്കിം ലോയ്‌വില്‍ ഇപ്പോഴും വിശ്വാസമുണ്ട്” ബെയര്‍ഹോഫ് പറഞ്ഞു. 89 വര്‍ഷത്തിനിടെ ജര്‍മ്മനി നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്. 1931-ല്‍ ഓസ്ട്രിയയോടാണ് ഇതിനു മുമ്പ് ജര്‍മ്മനി ആറു ഗോളിന് തോറ്റത്.

Germany general manager Oliver Bierhoff: We

സെമിയില്‍ കടക്കാന്‍ വെറുമൊരു സമനില മാത്രം മതിയായിരുന്ന ജര്‍മ്മനിയെ പക്ഷേ സ്പാനിഷ് കരുത്ത് തകര്‍പ്പണമാക്കുകയായിരുന്നു. കരിയറിലെ ആദ്യ ഹാട്രിക്ക് നേടിയ ഫെറാന്‍ ടോറസിന്റെ മികവിലാണ് സ്‌പെയിന്‍ വമ്പന്‍ ജയം സ്വന്തമാക്കിയത്. 33, 55, 71 മിനിറ്റുകളിലായിരുന്നു ടോറസിന്റെ ഗോളുകള്‍. 17-ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ടയും 38-ാം മിനിറ്റില്‍ റോഡ്രിയും 89-ാം മിനിറ്റില്‍ മൈക്കല്‍ ഒയാര്‍സബലും സ്പാനിഷ് ടീമിനായി സ്‌കോര്‍ ചെയ്തു.

Spain vs. Germany - Football Match Report - November 17, 2020 - Football Ace

മുന്‍ ലോക കപ്പ് ജേതാക്കളുടെ കളി മികവ് ഒരു സമയത്തും കാട്ടാന്‍ ജര്‍മ്മനിക്ക് സാധിച്ചില്ല. 68 ശതമാനം പന്തടക്കിവെച്ച് രണ്ടിനെതിരേ 22 ഗോള്‍ശ്രമം സ്‌പെയിന്‍ ജര്‍മ്മനിക്കെതിരെ നടത്തി. ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ തന്റെ കരിയറില്‍ ആദ്യമായാണ് ഒരു മത്സരത്തില്‍ ആറു ഗോളുകള്‍ വഴങ്ങുന്നത്. ജയത്തോടെ സ്‌പെയിന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ജര്‍മ്മനി രണ്ടാം സ്ഥാനത്താണ്.