ഇത് ‘ആന്റി ഫുട്‌ബോള്‍’, ആഞ്ഞടിച്ച് ബെല്‍ജിയം ഗോള്‍കീപ്പര്‍

Gambinos Ad
ript>

റഷ്യന്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്നലെ തോറ്റു പുറത്തായതിനു പിന്നാലെ ഫ്രാന്‍സ് ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബെല്‍ജിയം ഗോള്‍ കീപ്പര്‍ ടിബോ ക്വാര്‍ട്ടുവ. മത്സരത്തില്‍ അമിത പ്രതിരോധത്തിലൂന്നിക്കളിച്ച ഫ്രാന്‍സിന്റെ രീതിക്കെതിരെയാണ് ക്വാര്‍ട്ടുവ വിമര്‍ശനമുന്നയിച്ചത്.

Gambinos Ad

ഫ്രാന്‍സ് കളിച്ചത് ആന്റി ഫുട്‌ബോളാണെന്നാണ് ക്വാര്‍ട്ടുവ പറയുന്നത്. മത്സരത്തില്‍ ബാഴ്‌സ താരം സാമുവല്‍ ഉംറ്റിറ്റി നേടിയ ഗോളിനാണ് ഫ്രാന്‍സ് വിജയം നേടിയത്. ആദ്യ മിനിട്ടുകളില്‍ പല തവണ ഗോളിനടുത്തെത്തിയ ബെല്‍ജിയം പിന്നീട് ഫ്രാന്‍സിന്റെ കടുത്ത പ്രതിരോധ തന്ത്രങ്ങള്‍ കാരണം ഗോളിലേക്ക് അവസരങ്ങള്‍ തുറക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു.

സ്‌പോര്‍സായോട് സംസാരിക്കുമ്പോഴാണ് ഫ്രാന്‍സ് ഫൈനലില്‍ എത്താന്‍ കളിച്ച തന്ത്രത്തെ ക്വാര്‍ട്ടുവ വിമര്‍ശിച്ചത്. ഫുട്‌ബോളിന് എതിരായാണ് ഫ്രാന്‍സ് കളിച്ചതെന്നും അവരുടെ പ്രധാന സ്‌ട്രൈക്കര്‍ പോലും ഗോള്‍മുഖത്തു നിന്നും മുപ്പതടി മാറി നിന്നാണ് കളിച്ചതെന്നും താരം കുറ്റപ്പെടുത്തി. ഒരു കോര്‍ണര്‍ ഹെഡ് ഗോളാക്കിയെന്നല്ലാതെ പിന്നീട് മത്സരത്തില്‍ പ്രതിരോധിക്കയല്ലാതെ മറ്റൊന്നും ഫ്രാന്‍സ് ചെയ്തില്ലെന്ന് ക്വാര്‍ട്ടുവ പറഞ്ഞു. ഉംറ്റിറ്റി, വരാന്‍, കാന്റെ, പോഗ്ബ, മാറ്റൂഡി എന്നീ താരങ്ങള്‍ മത്സരത്തിലുടനീളം കടുത്ത പ്രതിരോധമാണ് കാഴ്ച വെച്ചത്.

ഫ്രാന്‍സിനോട് സെമി ഫൈനലില്‍ തോറ്റതിനേക്കാള്‍ ബ്രസീലിനോട് ക്വാര്‍ട്ടറില്‍ തോല്‍ക്കുകയായിരുന്നു ഭേദമെന്നും ക്വാര്‍ട്ടുവ പറഞ്ഞു. മറ്റൊന്നുമില്ലെങ്കിലും അവര്‍ മനോഹരമായ ഫുട്‌ബോളാണ് കളിച്ചതെന്നും ഫ്രാന്‍സ് അതിന്റെ അടുത്തു പോലും എത്തിയില്ലെന്നുമാണ് ക്വാര്‍ട്ടുവ പറഞ്ഞത്. ബ്രസീലിനെ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ബെല്‍ജിയം സെമിയിലെത്തിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനം ബ്രസീല്‍ കാഴ്ച വെച്ചെങ്കിലും ക്വാര്‍ട്ടുവ അടക്കമുള്ള താരങ്ങള്‍ അതു വിഫലമാക്കുകയായിരുന്നു.