കൂട്ടബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രസീലിനു വേണ്ടി ലോകകപ്പ് കളിച്ച സൂപ്പര്‍താരത്തിന് ഒമ്പതുവര്‍ഷം തടവുശിക്ഷ. ബ്രസീലിനായി 100 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുകയും റയല്‍മാഡ്രിഡ്, മാഞ്ചസ്റ്റര്‍സിറ്റി, എസി മിലാന് പോലെയുള്ള യൂറോപ്പിലുടനീളമുള്ള വന്‍ ലീഗുകളില്‍ വമ്പന്‍ ക്ലബ്ബുകള്‍ക്കായി പന്തു തട്ടുകയും ചെയ്ത റോബീഞ്ഞോയ്ക്കാണ് ഇറ്റാലിയന്‍ കോടതി തടവുശിക്ഷ വിധിച്ചത്.
2013ല്‍ മിലാനിലെ നൈറ്റ് ക്ലബ്ബില്‍ യുവതിയെ റോബീഞ്ഞോ ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ. ഇറ്റാലിയന്‍ ക്ലബ്ബ് എ.സി മിലാനില്‍ അംഗമായിരിക്കെ 2013 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മിലാനിലെ ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ച് മദ്യലഹരിയിലായിരുന്ന 22-കാരിയായ അല്‍ബേനിയന്‍ വനിതയെ, അന്ന് 27 വയസ്സുള്ള റോബിഞ്ഞോയടക്കം അഞ്ചു പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
2017-ല്‍ തന്നെ താരത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ടു തവണ അപ്പീലിന് പോകുകയും ചെയ്തിരുന്നു. രണ്ട് അപ്പീലും തള്ളിയതോടെയാണ് താരത്തിന് ജയില്‍ശിക്ഷ നേരിടേണ്ടി വരുന്നത്. റോബിഞ്ഞോയും കൂട്ടുകാരും തമ്മില്‍ അയച്ച ടെലിഫോണ്‍ സന്ദേശങ്ങളാണ് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. യുവതിയുമായുള്ള ശാരീരിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നും താന്‍ അവരുമായി ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും റോബിഞ്ഞോ അവകാശപ്പെട്ടിരുന്നു.
2020-ല്‍ ബ്രസീല്‍ ക്ലബ്ബ് സാന്റോസ് താരത്തെ വാങ്ങിയത് ബലാത്സംഗ ആരോപണം നിലനില്‍ക്കുമ്പോഴായിരുന്നു. ക്ലബ്ബ് ആരാധകരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും വലിയ എതിര്‍പ്പാണ് ക്ലബ്ബിന് നേരിടേണ്ടി വന്നത്. തുടര്‍ന്ന്് ഒരു മത്സരം പോലും കളിക്കാനിറക്കാതെ ക്ലബ്ബ് താരവുമായുള്ള കരാറും റദ്ദാക്കി.
2002-ല്‍ സാന്റോസിലൂടെ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച റോബിഞ്ഞോ 2005-ല്‍ റയല്‍ മാഡ്രിഡിലും 2008-ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലും ചേര്‍ന്നു. 2010 മുതല്‍ മിലാനില്‍ കളിച്ച താരം 2014-ല്‍ ലോണ്‍ അടിസ്ഥാനത്തില്‍ സാന്റോസിലേക്ക് കൂടുമാറി. പിന്നീട് ചൈനീസ് ക്ലബ്ബ് ഗ്വാങ്ചൗ എവര്‍ഗ്രാന്റ്, അത്ലറ്റികോ മിനേറോ, സിവാസ്പോര്‍, ഇസ്തംബൂള്‍ ബസക് ഷെഹിര്‍ ക്ലബ്ബുകള്‍ക്കു വേണ്ടിയും കളിച്ചു. ഒരു കാലത്ത് ബ്രസീലിന്റെ പ്രതീക്ഷയായിരുന്ന താരം 28 അന്താരാഷ്ട്ര ഗോളുകള്‍ നേടിയിട്ടുണ്ട്.