മെസി പാഴാക്കിയ പെനാല്‍റ്റി അര്‍ജന്റീന കിരീടധാരണത്തിലേക്ക് എന്ന സൂചനയോ, ചൂടുപിടിച്ച് ചര്‍ച്ച

പോളണ്ടിനെതിരെ മെസിയ്ക്കും കൂട്ടര്‍ക്കും ജീവമരണ പോരാട്ടമായിരുന്നു. ആ പോരാട്ടം മറുപടിയില്ലാത്ത രണ്ട് ഗോളിലൂടെ അര്‍ജന്റീന കൈപ്പിടിയിലൊതുക്കുകയും ചെയ്തു. പക്ഷേ മത്സരത്തിന്റെ ആദ്യ പകുതിയിലെ 36ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി നായകന്‍ ലയണല്‍ മെസി പാഴാക്കിയിരുന്നു. ഇപ്പോഴിതാ ഇതിനെ ചരിത്രത്തിന്റെ പിന്തുണയോടെ അര്‍ജന്റീന കിരീടധാരണത്തിലേക്കെന്ന രീതിയില്‍ വ്യാഖ്യാനിച്ചിരിക്കുകയാണ് ആരാധകര്‍.

അര്‍ജന്റീന മുത്തമിട്ട രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നായകന്മാര്‍ പെനാല്‍റ്റി പാഴാക്കിയിരുന്നു. 1978, 1986 വര്‍ഷങ്ങളിലായിരുന്നു ലോകകപ്പ് കരീടം അര്‍ജന്റീന ഉയര്‍ത്തിയിരുന്നത്. 1978ലായിരുന്നു ആദ്യത്തെ സംഭവം. ആ മത്സരത്തിലെ നായകനായിരുന്ന മരിയോ കെംപസ് പെനല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു. ആ വര്‍ഷം അര്‍ജന്റീന കനകക്കിരീടത്തില്‍ മുത്തമിട്ടു.

എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അതുപോലൊന്ന് വീണ്ടും സംഭവിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് സാക്ഷാല്‍ ഡിയാഗോ മറഡോണയായിരുന്നു. ആ വര്‍ഷവും അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടു.

ഇത്തവണയും ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നായകന്‍ മെസി പെനാല്‍റ്റി പാഴാക്കിയിരിക്കുന്നു. ചരിത്രം ആവര്‍ത്തിച്ചാല്‍ ഖത്തറില്‍ മെസിയും സംഘവും കപ്പ് ഉയര്‍ത്തും.