ലോക കപ്പിനുള്ള ഗ്രൂപ്പുകളായി; മെസ്സിക്കും റൊണാള്‍ഡോക്കും യാത്ര അതികഠിനം

ലോകം ഖത്തറിലേക്ക് ചുരുങ്ങാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ ലോക കപ്പ് ഫുടബോള്‍ പോരാട്ടത്തിന്റെ ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പും മത്സരങ്ങളും ഇന്നലെ ദോഹയില്‍ പൂര്‍ത്തിയായി. കരുതന്മാരായ പല ടീമുകളും ഒരുമിച്ച് വന്നതിനാല്‍ ആവേശം ഇരട്ടിക്കുമെന്ന് ഉറപ്പാണ്. മുന്‍ ലോകചാമ്പ്യന്മാരും യൂറോ ചാമ്പ്യന്മാരും ഒന്നിച്ച് വന്ന ഈ,എച്ച് ഗ്രൂപ്പുകളാണ് ഏറ്റവും കഠിനം.

കഴിഞ്ഞ ദിവസം ഫിഫ പുറത്തുവിട്ട പുതിയ റാങ്കിങ് അടിസ്ഥാനമാക്കിയാണ് 32 ടീമുകളെ എട്ട് ഗ്രൂപ്പുകളായി പ്രഖ്യാപിച്ചത്. ലോക കപ്പ് ചരിത്രത്തില്‍ ആദ്യമായി പ്ലേ ഓഫ് മത്സരങ്ങള്‍ പൂര്‍ത്തിയതിന് മുമ്പേ തന്നെ നറുക്കെടുപ്പ് നടന്നു എന്ന പ്രത്യേകതയും ഈ വര്‍ഷം ഉണ്ടായിരുന്നു. ഫിഫ ലോക കപ്പിന്റെ ഔദ്യോഗിക ഗാനം ‘ഹയ്യാ ഹയ്യാ ‘ നറുക്കെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്നേ ഫിഫ പുറത്തുവിടുകയും ചെയ്തു.

ബ്രസീല്‍ ഇതിഹാസ താരം കഫു ആണ് ഇന്നലെ ഗ്രൂപ്പുകള്‍ നറുക്കെടുത്തത്. സ്‌പെയിനും,ജര്‍മനിയും,ജപ്പാനും ഒരുമിച്ചുള്ള ഗ്രൂപ്പ് ഈ യില്‍ നിന്നും അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടാന്‍ ടീമുകള്‍ അതികഠിനമായി പോരാടേണ്ടി വരുമെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.അതുപോലെ ലോകകിരീടം മാത്ര സ്വപ്നം കണ്ടിറങ്ങുന്ന ലോകോത്തര താരങ്ങളായ മെസ്സിക്കും,റൊണാള്‍ഡോക്കും കാര്യങ്ങള്‍ എളുപ്പമല്ല.

അട്ടിമറിവീരന്മായ പോളണ്ടും, മെക്‌സിക്കോയും, സൗദി അറേബ്യയും ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് അര്‍ജന്റീന ഉള്ളത്. തോല്‍വി അറിയാതെ 30 മത്സരങ്ങള്‍ പിന്നിട്ടാണ് വരുന്നതെങ്കിലും ഏറ്റവും മികച്ച പോരാട്ടം പുറത്തെടുത്താല്‍ മാത്രമേ മെസ്സിക്കും കൂട്ടര്‍ക്കും അടുത്ത റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്യാന്‍ സാധിക്കു. കഴിഞ്ഞ ലോക കപ്പില്‍ തന്റെ ടീമിന്റെ അത്താഴം മുടക്കിയ സുവാരസിന്റെ ഉറുഗ്വേ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ പെട്ടതിനാല്‍ റൊണാള്‍ഡോക്കും വഴി ഒട്ടും എളുപ്പമല്ല. താരതമ്യേന എളുപ്പ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്ന ബ്രസീല്‍ ഗ്രൂപ്പ് ജേതാക്കളുടെ സ്ഥാനം ഒഴിച്ച് മറ്റൊന്നും ചിന്തിക്കുന്നില്ല .

ഗ്രൂപ്പുകള്‍ തിരിച്ചെങ്കിലും പ്ലേ ഓഫ് മത്സരങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മത്സരങ്ങള്‍ സംബന്ധിച്ചുള്ള ഫിക്ചറുകള്‍ പിന്നീട് മാത്രമേ അന്തിമ ചിത്രമാകു. നവംബര്‍ 21 ന് ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരാം. പതിവിലും വിപരീതമായി ആദ്യ ദിനം തന്നെ നാലു മത്സരങ്ങള്‍ അരങ്ങേറുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്..

ഗ്രൂപ്പ് എ

1. ഖത്തര്‍
2. ഇക്വഡോര്‍
3. സെനഗല്‍
4. നെതര്‍ലന്‍ഡ്സ്

ഗ്രൂപ്പ് ബി

1. ഇംഗ്ലണ്ട്
2. ഇറാന്‍
3. അമേരിക്ക
4. യുക്രൈന്‍/ സ്‌കോട്ലന്‍ഡ് / വെയ്ല്‍സ്

ഗ്രൂപ്പ് സി

1. അര്‍ജന്റീന
2. സൗദി അറേബ്യ
3. മെക്സിക്കോ
4. പോളണ്ട്

ഗ്രൂപ്പ് ഡി

1. ഫ്രാന്‍സ്
2. യു.എ.ഇ, അല്ലെങ്കില്‍ ഓസ്ട്രേലിയ അല്ലെങ്കില്‍ പെറു
3. ഡെന്മാര്‍ക്ക്
4. ടുണീഷ്യ

ഗ്രൂപ്പ് ഇ

1. സ്പെയിന്‍
2. കോസ്റ്റ റീക്ക അല്ലെങ്കില്‍ ന്യൂസീലന്‍ഡ്
3. ജര്‍മനി
4. ജപ്പാന്‍

ഗ്രൂപ്പ് എഫ്

1. ബെല്‍ജിയം
2. കാനഡ
3.മൊറോക്കോ
4. ക്രൊയേഷ്യ

ഗ്രൂപ്പ് ജി

1. ബ്രസീല്‍
2. സെര്‍ബിയ
3. സ്വിറ്റ്സര്‍ലന്‍ഡ്
4. കാമറൂണ്‍

ഗ്രൂപ്പ് എച്ച്

1. പോര്‍ച്ചുഗല്‍
2. ഘാന
3. യുറുഗ്വായ്
4. ദക്ഷിണകൊറിയ