ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിഫ

ഇന്ത്യ വേദിയായ അണ്ടര്‍ 17 ലോകകപ്പ് സംഘാടനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിഫ . കളിക്കാര്‍ക്കും ആരാധകര്‍ക്കും മോശം അനുഭവമാണ് ലോകകപ്പ് സമ്മാനിച്ചതെന്ന് ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ബിസിനസ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് ഇന്ത്യക്കെതിരെ സെപ്പിയുടെ കടുത്ത വിമര്‍ശനം.

വിഐപികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയ സംഘാടകര്‍ ആരാധകരെ അവഗണിച്ചു . ഡ്രെസ്സിംഗ് റൂമില്‍ പലപ്പോഴും എലിയുടെ ശല്യം ഉണ്ടായിരുന്നതായി കളിക്കാര്‍ പരാതിപ്പെട്ടെന്നും സെപ്പി പറഞ്ഞു .

“ഇന്ത്യയിലെ ഫുട്ബോള്‍ സംവിധാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സെപ്പി നടത്തിയത്. ഇവിടെ ആരാധകരേയും കളിക്കാരേയും അവഗണിക്കുന്ന ഫുട്ബോള്‍ അധികാരികളാണുള്ളത്. ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പ് വിജയമാണെന്നാണ് ഇവിടെയുള്ളവര്‍ ആവര്‍ത്തിക്കുന്നത്, എന്നാല്‍ എന്റെ അനുഭവത്തില്‍ നിന്ന് സത്യസന്ധമായി ഞാന്‍ പറയുന്നു, ആരാധകരെ സംബന്ധിച്ച് ലോകകപ്പ് തികഞ്ഞ പരാജയമാണ്” സെപ്പി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഫുട്‌ബോള്‍ ലീഗുകള്‍ക്ക്, ലോകകപ്പ് കളിക്കാന്‍ വന്ന അണ്ടര്‍ 17 ടീമുകളുടെ നിലവാരം പോലുമില്ലെന്നും സെപ്പി കൂട്ടിച്ചേര്‍ത്തു.

ഒക്ടോബറില്‍ കൊച്ചി അടക്കം ആറ് വേദികളിലായാണ് ലോകകപ്പ് നടന്നത്.