ഇന്ത്യന്‍ ഫുട്‌ബോളിനിത് നല്ലകാലം; ഫിഫ റാങ്കിങ്ങില്‍ മുന്നേറ്റം

ഈ വര്‍ഷം പുറത്തുവന്ന ആദ്യ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യന്‍ കുതിപ്പ്. മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് റാങ്കില്‍ 102-ാം സ്ഥാനത്താണ് ഇന്ത്യ.

സ്റ്റീഫണ്‍ കോണ്‍സ്റ്റാന്റൈന്റെ കീഴില്‍ ഇന്ത്യ വന്‍ മുന്നേറ്റമാണ് നടത്തുന്നത്.. 2017 അവസാനം പ്രസിദ്ധീകരിച്ച റാങ്കിംഗ് പട്ടിക പ്രകാരം നൂറ്റിയഞ്ചാം സ്ഥാനത്തായിരുന്നു ടീം ഇന്ത്യ. ഇന്ത്യയുടെ റേറ്റിങ് പോയിന്റ് 13 എണ്ണം വര്‍ദ്ധിച്ച് 333ല്‍ എത്തി. കഴിഞ്ഞ വര്‍ഷം ഇന്ത്യ കളിച്ച ഒമ്പതില്‍ ഏഴെണ്ണവും വിജയിച്ചിരുന്നു. രണ്ടു മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. ഏഷ്യയില്‍ പതിന്നാലാം സ്ഥാനത്താണ് ഇന്ത്യ. ഇറാനാണ് ഏഷ്യയില്‍ ഒന്നാമത്.

ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനം ജര്‍മ്മനി നിലനിര്‍ത്തിയിട്ടുണ്ട്. ബ്രസീല്‍ രണ്ടാമതും യൂറോപ്യന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനത്തുമാണ്.

1996 ഫെബ്രുവരിയില്‍ 94ാം റാങ്കിലെത്തിയതാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച റാങ്ക്. 1993 നവംബറില്‍ 99-ാം സ്ഥാനത്തും ഒക്‌ബോറില്‍ 100ാമതും ഇന്ത്യ എത്തിയിട്ടുണ്ട്. 2017 ഏപ്രിലില്‍ 101 സ്ഥാനത്ത് എത്തിയിട്ടുണ്ട്. 1996 മെയ് മാസത്തിലാണ് ഇന്ത്യ ഇതിന് മുമ്പ് 101-ാം റാങ്കിലെത്തിയത്.