ഫിഫ റാങ്കിംഗ്: ആദ്യ പത്തിലിടം നേടാതെ അര്‍ജന്റീന; ബ്രസീലിനും എത്രയോ പിന്നില്‍

ഫിഫയുടെ പുതിയ റാങ്കിംഗ് പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ മാറ്റമില്ലാതെ തുടരുന്നു. ബെല്‍ജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് രണ്ടാം സ്ഥാനത്താണ്. ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലാണ് മൂന്നാമത്. പത്തു പോയിന്റ് അധികം നേടിയ ബെല്‍ജിയത്തിന് 1237 പോയിന്റുള്ളപ്പോള്‍ എട്ടു പോയിന്റ് കൂടുതല്‍ നേടിയ ഫ്രാന്‍സ് 1734 പോയിന്റുമായി തൊട്ടു പിന്നില്‍ തന്നെയുണ്ട്. 1676 പോയിന്റുള്ള ബ്രസീലിന്റെ പോയിന്റ് നിലയില്‍ മാറ്റമില്ല.

ഒരു സ്ഥാനം മുകളിലേക്കു കുതിച്ച് ഇംഗ്ലണ്ട് നാലാം സ്ഥാനത്തെത്തിയപ്പോള്‍ ക്രൊയേഷ്യ അഞ്ചാം സ്ഥാനത്തേക്കിറങ്ങി. ഉറുഗ്വയ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, ഡെന്മാര്‍ക്ക് എന്നിവരാണ് ആറു മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളില്‍. അര്‍ജന്റീന മാറ്റമൊന്നുമില്ലാതെ പതിനൊന്നാം സ്ഥാനത്തു തന്നെ തുടരുകയാണ്. 2014ലെ ലോകകപ്പ് ജേതാക്കളായ ജര്‍മ്മനി മൂന്നു സ്ഥാനം മുകളില്‍ കയറി പതിമൂന്നിലെത്തിയിട്ടുണ്ട്.

Read more

ഏഷ്യന്‍ ക്ലബുകളില്‍ ഇറാന്‍, ജപ്പാന്‍, കൊറിയ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ഇറാന്‍ ഇരുപത്തിയൊന്നാം സ്ഥാനത്തും ജപ്പാന്‍ ഇരുപത്തിയാറാം സ്ഥാനത്തും കൊറിയ മുപ്പത്തിയേഴാം സ്ഥാനത്തുമാണ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് രണ്ടു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 101ല്‍ എത്തിയിട്ടുണ്ട്.