റഷ്യയ്‌ക്ക് എതിരെ ഫിഫ; അന്താരാഷ്ട്ര മത്സരങ്ങള്‍ വിലക്കി, ദേശീയപതാക, ദേശീയഗാനം എന്നിവ അനുവദിക്കില്ല

ഉക്രൈനിലേക്കുള്ള കടന്നു കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ കടുത്ത തീരുമാനങ്ങളുടെ ഫിഫ. റഷ്യയില്‍ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തുന്നതിന് ഫിഫ വിലക്കേര്‍പ്പെടുത്തി. ഫിഫയുടെ ഗവേണിംഗ് ബോഡിയാണ് ഇക്കാര്യം തീരുമാനിച്ചത്.

മറ്റ് രാജ്യങ്ങളിലെ വേദികളില്‍ റഷ്യ മത്സരിക്കാന്‍ എത്തിയാല്‍ ദേശീയ പതാക, ദേശീയ ഗാനം എന്നിവയ്ക്കും വിലക്കുണ്ടായിരിക്കും. ഫിഫ പോരാട്ടങ്ങളില്‍ റഷ്യ എന്ന പേരിലായിരിക്കില്ല ടീം മത്സരിക്കുക. ഫുട്ബോള്‍ യൂണിയന്‍ ഓഫ് റഷ്യ എന്ന പേരിലായിരിക്കുമെന്നും ഫിഫ വ്യക്തമാക്കി. ഇവരുടെ മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കുകയുമില്ല.

ഫുട്ബോള്‍ ലോകത്ത് റഷ്യ ഒറ്റപ്പെട്ടിരിക്കുകയാണ്. ലോക കപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കാന്‍ റഷ്യയിലേക്കില്ലെന്ന് പോളണ്ട്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്ക് ടീമുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യക്കെതിരെ മത്സരിക്കില്ലെന്ന് ഇംഗ്ലണ്ടും വ്യക്തമാക്കിയിരുന്നു.

Read more

അതേസമയം റഷ്യയെ ഫിഫയില്‍ നിന്ന് പുറത്താക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അതിന് ഫിഫ തയ്യാറായില്ല.