ലോക കപ്പ് യോഗ്യത മത്സരം; ഖത്തറിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഖത്തര്‍ ജയിച്ചത്.

33ാം മിനിറ്റില്‍ അബ്ദുള്‍അസീസ് ഹതേമാണ് ഖത്തറിന്റെ ഗോള്‍ നേടിയത്. താരത്തിന്റെ ക്ലോസ്റേഞ്ച് ഷോട്ട് ഗുര്‍പ്രീത് സിങ് സന്ധുവിന്റെ കാലില്‍ തട്ടി വലയിലെത്തുകയായിരുന്നു. ഇതിനിടെ 17-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് രാഹുല്‍ ബേക്കേ പുറത്തായതോടെ ശേഷിച്ച സമയം മുഴുവന്‍ 10 പേരുമായാണ് ഇന്ത്യ കളിച്ചത്.

ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ സേവുകള്‍ ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചു. ഇന്ത്യന്‍ പ്രതിരോധം തകര്‍ന്ന ഘട്ടത്തിലെല്ലാം ഗുര്‍പ്രീത് ഇന്ത്യയുടെ രക്ഷയ്ക്കെത്തി.

മത്സരത്തിലുടനീളം 35ലേറെ ഷോട്ടുകളാണ് ഖത്തര്‍ ഇന്ത്യന്‍ പോസ്റ്റിലേക്ക് പായിച്ചത്. ഇതില്‍ തന്നെ ഖത്തറിന്റെ ഗോളെന്നുറച്ച പത്തോളം ഷോട്ടുകള്‍ ഗുര്‍പ്രീത് രക്ഷപ്പെടുത്തി.