സാഞ്ചോയെ റാഞ്ചി ചുവന്ന ചെകുത്താന്‍മാര്‍; പ്രീമിയര്‍ ലീഗില്‍ കോടികളുടെ മണികിലുക്കം

യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളില്‍ പഴയ പ്രതാപത്തിലേക്ക് മടങ്ങാന്‍ വെമ്പുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിംഗര്‍ ജേഡന്‍ സാഞ്ചോയെ ടീമിലെത്തിച്ചു. ജര്‍മ്മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡില്‍ നിന്നാണ് സാഞ്ചോയെ ചുവന്ന ചെകുത്താന്‍മാര്‍ റാഞ്ചിയത്. സാഞ്ചോയുടെ വരവ് മാഞ്ചസ്റ്റര്‍ വമ്പന്‍മാരുടെ ആക്രമണത്തിന്റെ മൂര്‍ച്ചകൂട്ടുമെന്ന് കരുതപ്പെടുന്നു.

സാങ്കേതികത്തികവും വേഗവും കൗശലവും കൈമുതലായുള്ള താരമാണ് ജേഡന്‍ സാഞ്ചോ. 744 കോടി രൂപ ചെലവിട്ടാണ് സാഞ്ചോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം പാളയത്തിലെത്തിച്ചത്. അഞ്ച് വര്‍ഷത്തേക്ക് താരവും ക്ലബ്ബും തമ്മിലെ കരാര്‍. ഹാരി മഗ്വയര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മൂല്യം ലഭിക്കുന്ന ഇംഗ്ലീഷ് താരമായും ഇതോടെ സാഞ്ചോ മാറി.

നിലവില്‍ ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനരായ താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന സാഞ്ചോ ജര്‍മ്മന്‍ ലീഗില്‍ മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡിനെ 137 മത്സരങ്ങളില്‍ പ്രതിനിധീകരിച്ച സാഞ്ചോ 50 ഗോളുകളും 57 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.