ചരിത്രത്തിലേക്ക് ഒരു സേവ്; വലയില്‍ എത്തുന്നതിനു മുമ്പ് പന്ത് തട്ടിയെറിഞ്ഞ് ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍

ഫുട്ബോള്‍ ഗ്രൗണ്ടുകളില്‍ ഗോള്‍കീപ്പര്‍മാരുടെ സേവുകള്‍ എപ്പോള്‍ കണ്ടാലും നമ്മുടെ മുഖത്ത് അതിശയഭാവം കലരും. നമ്മുടെ അമ്പരപ്പിനെ ഒരിക്കലും മായ്ച്ചുകളയാതെ നിലനിര്‍ത്താനുള്ള അദ്ഭുതം ഈ ഗോള്‍കീപ്പിങ്ങിലുണ്ട്. അത്തരത്തില്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടംനേടുന്ന ഒരു സേവ് ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗിനിടയിലും കണ്ടു. ആരാധകര്‍ തലയില്‍ കൈവെച്ച് അമ്പരന്നുപോയ ഒരു സേവ്.

പിരമിഡ്സ് എഫ്.സിയും എന്‍പി ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെ മഹ്മൂദ് ഗാദ് എന്ന ഗോള്‍കീപ്പറാണ് ഒരു അക്രോബാറ്റിക് സേവ് നടത്തിയത്. ഒരു ലോങ് ബോള്‍ ക്ലിയര്‍ ചെയ്യാനായി എന്‍പിയുടെ താരമായ മഹ്മൂദ് ഗാദ് അഡ്വാന്‍സ് ചെയ്തു. മഹ്മൂദ് പന്ത് തട്ടിയിട്ടെങ്കിലും അത് പിരമിഡ്സ് ക്ലബ്ബ് താരത്തിന്റെ കാലിലേക്കാണ് വന്നത്. റീബൗണ്ടില്‍ പിരമിഡ് ക്ലബ്ബ് താരം പന്ത് വലയിലേക്ക് ഉയര്‍ത്തിയടിച്ചു.

എന്നാല്‍ അപ്പോഴേക്കും ഗ്രൗണ്ടില്‍ നിന്നെഴുന്നേറ്റ് മഹ്മൂദ് ഓടിപ്പോയി പന്ത് വലയിലെത്തുന്നതിന് തൊട്ടുമുമ്പ് ഇരുകൈ കൊണ്ടും കുത്തിയകറ്റി. പന്ത് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. ഫുട്ബോള്‍ ചരിത്രത്തിലെ മികച്ച സേവുകളില്‍ ഒന്നാണെന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. മത്സരത്തില്‍ മഹ്മൂദിന്റെ ടീം പിരിമഡ്സ് എഫ്.സിയോട് 4-0ത്തിന് പരാജയപ്പെട്ടു.