പുതു ചരിത്രം തീര്‍ത്ത് ഗോകുലം; ഡ്യൂറന്റ് കപ്പില്‍ മോഹന്‍ ബഗാനെ തകര്‍ത്ത് കിരീടം

ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ കരുത്തരായ മോഹന്‍ ബഗാനെ എണ്ണം പറഞ്ഞ ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം കേരള എഫ്.സി കിരീടമണിഞ്ഞു. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ ജയം. ഗോകുലത്തിന്റെ ആദ്യ ദേശീയ കിരീടമാണിത്.

ടൂര്‍ണമെന്റിലൂടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് ഇരട്ട ഗോളുകളുമായി ഫൈനലിലും താരമായി. ടൂര്‍ണമെന്റിലാകെ രണ്ടു ഹാട്രിക് അടക്കം 11 ഗോളുകളാണ് ഈ ട്രിനിഡാഡ് താരം സ്വന്തമാക്കിയത്. ഇതോടെ 1997ല്‍ എഫ്.സി. കൊച്ചിനു ശേഷം ഡ്യൂറന്റ് കപ്പില്‍ മുത്തമിടുന്ന കേരള ടീം എന്ന നേട്ടം ഗോകുലം സ്വന്തമാക്കി. എഫ്.സി. കൊച്ചിന്‍ കിരീടം നേടുമ്പോഴും ഫൈനലില്‍ എതിരാളി ബഗാനായിരുന്നു.

45ാം മിനിറ്റിലും 51ാം മിനിറ്റിലും ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിനുവേണ്ടി ലക്ഷ്യം കണ്ടത്. 64ാം മിനിറ്റില്‍ സാല്‍വദോര്‍ പെരസ് മാര്‍ട്ടിനസിന്റെ വകയാണ് ബഗാന്റെ ഗോള്‍. ജൊസേബിയ ബെയ്തിയ എടുത്ത ഫ്രീകിക്ക് മാര്‍ട്ടിനസ് ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.

45ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു മാര്‍ക്കസിന്റെ ആദ്യ ഗോള്‍. ബഗാന്‍ ഗോളി ദേബ്ജിത്ത് മജുംദാര്‍ ഹെന്‍?റി കിസിക്കെയെ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റിയാണ് മാര്‍ക്കസ് വലയിലാക്കിയത്. 44ാം മിനിറ്റില്‍ മാര്‍ക്കസ് നല്‍കിയ ത്രൂപാസുമായി ഗോളിയെ വെട്ടിച്ച് ഒറ്റയ്ക്ക് ബോക്‌സിലേയ്ക്ക് കയറാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഫൗള്‍. ദേബ്ജിത്തിന് റഫറി മഞ്ഞകാര്‍ഡും നല്‍കി.

രണ്ടാം പകുതി തുടങ്ങി ഏറെ വൈകാതെ തന്നെ മാര്‍ക്കസ് രണ്ടാമതും ലക്ഷ്യം കണ്ടു. ബോക്‌സിന്റെ തൊട്ടു മുന്‍പില്‍ നിന്ന് നാച്ചോ തള്ളിയിട്ടുകൊടുത്ത പന്തുമായി ഇടതു പാര്‍ശ്വത്തില്‍ നിന്ന് ബോക്‌സിലേയ്ക്ക് ഊളിയിട്ടിറങ്ങിയ മാര്‍ക്കസ് ഒരു സോളോ റണ്ണിലൂടെ ഇടതു പോസ്റ്റിനടുത്തെത്തി വലയിലേയ്ക്ക് നിറയൊഴിക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ മാര്‍ക്കസിന്റെ പതിനൊന്നാം ഗോള്‍.

ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍കാതെയാണ് ഗോകുലം ചാമ്പ്യന്‍ന്മാരായത്. മോഹന്‍ ബഹാന്‍ 16 തവണ ഡ്യൂറന്റ് കപ്പില്‍ ചാമ്പ്യന്മാരായിട്ടുണ്ട്.