ഗോവയുടെ ഉജ്ജ്വല ഫോമില്‍ ഡല്‍ഹി ചാമ്പലാകുമോ? ഐഎസ്എല്ലില്‍ ഇന്ന് കിടിലന്‍ പോരാട്ടം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് (ശനി) ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആതിഥേയരായ ഡല്‍ഹി ഡൈനാമോസ് ഈ സീസണില്‍ ഉജ്ജ്വല ഫോമില്‍ നില്‍ക്കുന്ന എഫ്.സി. ഗോവയെ നേരിടുന്നു. ഇന്ന് ജയിച്ചാല്‍ ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കു മുന്നേറും. കളിക്കാനെത്തുന്നത് ഗോവ ആയതിനാല്‍ ഇന്ന് രാജ്യതലസ്ഥാന നഗരത്തിനു ഗോള്‍ മഴയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇരുടീമുകളും ഇതിനു മുന്‍പ് എട്ടു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ മൂന്നു തവണയും ഡല്‍ഹിയും അഞ്ച് തവണ ഗോവയും ജയിച്ചിട്ടുണ്ട്. ഇരു ടീമുകളുടേയും ചരിത്രത്തില്‍ ഇതുവരെ ഒരു മത്സരം പോലും സമനിലയില്‍ കലാശിച്ചിട്ടില്ല എന്നതാണ് പ്രധാന സവിശേഷത. ഈ സീസണിലും ഗോവയുടെ ഒരു മത്സരം പോലും സമനിലയില്‍ കലാശിച്ചട്ടില്ല. നാല് മത്സരങ്ങളില്‍ മൂന്നു ജയവും ഒരു തോല്‍വിയും അടക്കം ഒന്‍പത് പോയിന്റാണ്് എഫ്.സി ഗോവ നേടിയത്. മൊത്തം 13 ഗോളുകള്‍ നേടി യപ്പോള്‍ ഒന്‍പത് ഗോളുകള്‍ തിരികെ വാങ്ങി.

ഡല്‍ഹി കളിച്ച നാല് മത്സരങ്ങളില്‍ ഒരു മത്സരം മാത്രമെ ജയിച്ചിട്ടുള്ളു. മറ്റു മൂന്നു മത്സരങ്ങളിലും തോറ്റു. അതേപോലെ ഒരു മത്സരം ഒഴിച്ച് ( മുംബൈയ്ക്ക് എതിരെ) മറ്റെല്ലാ മത്സരങ്ങളിലും ഗോവ മൂന്നു ഗോളുകള്‍ ശരാശശരി നേടിയിട്ടുണ്ട്. ഇതില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ 5-2 വിജയമാണ് ഏറ്റവും അധികം ഗോള്‍ കാണുവാന്‍ കഴിഞ്ഞ ഗോവന്‍ മത്സരം. ബ്ലാസറ്റേഴ്സിനെ തരിപ്പണമാക്കിയതില്‍ പ്രധാന പങ്കുവഹിച്ചു തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന മുന്‍ നിരതാരങ്ങളായ ഫെറാന്‍ കൊറോമിനാസും മാനുവല്‍ ലാന്‍സറോട്ടിയും തന്നെയാണ് ഇന്നു ഡല്‍ഹിക്കെതിരെയും അവരുടെ തറുപ്പ് ചീട്ട്.

ഇന്നത്തെ മത്സരം രണ്ടു ടീമുകള്‍ക്കും എന്ന പോലെ പരിശീലകര്‍ക്കും നിര്‍ണായക ദിനമായിരിക്കും. മികച്ച പന്തടക്കവും മികച്ച ഫുട്ബോളും പുറത്തെടുക്കുകയാകും രണ്ടു കൂട്ടരുടെയും ലക്ഷ്യം. പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഗോവയും അവസാന സ്ഥാനക്കാരായ ഡല്‍ഹിയും തമ്മിലുള്ള പോരാട്ടം ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നം കൂടിയാകും. നാല് ഗോള്‍ അടിച്ചപ്പോള്‍ ഒന്‍പത് ഗോള്‍ വഴങ്ങേണ്ടി വന്ന ഡല്‍ഹിയ്ക്ക് ഇന്ന് ജയിക്കണം. ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ നിലവിലെ ഒന്‍പതാം സ്ഥാനത്തു നിന്നും മുന്നേറുവാനും ഡല്‍ഹിക്കു കഴിയും.