ഇംഗ്ലണ്ടിന്റെ കപ്പ് മോഹം ‘വീട്ടിലിരിക്കും’ : ചരിത്രം കുറിച്ച് ക്രൊയേഷ്യ ഫൈനലില്‍

Gambinos Ad
ript>

അതിനായി ഇനി വീട്ടില്‍ കാത്തിരിക്കേണ്ട. വീട്ടിലേക്ക് വരില്ല. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ മുദ്രാവാക്യമായിരുന്ന ഇറ്റ് കമിങ് ഹോമിന് ദാരുണ അന്ത്യം. ഇനി കപ്പ് അല്ല, ടീം തന്നെ വീട്ടിലേക്ക് തിരിച്ച് വരുന്നു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്രൊയേഷ്യ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ഫൈനലില്‍. 15ന് നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സാണ് ക്രൊയേഷ്യയുടെ എതിരാളി. ഇവാന്‍ പെരിസിച്ച്, മരിയോ മാന്‍സൂക്കിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ഗോളുകള്‍ നേടിയത്. കിരണ്‍ ട്രിപിയ ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു.

Gambinos Ad

മത്സരത്തില്‍ ആദ്യം ഗോളടിച്ച് ക്രൊയേഷ്യയെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. അഞ്ചാം മിനിട്ടില്‍ ലഭിച്ച ഫ്രീകിക്ക് എതിര്‍ പ്രതിരോധത്തിന്റെ മുകളിലൂടെ പോസ്റ്റിലേക്ക് ‘വളച്ചിട്ട്’ ട്രിപിയ ഇംഗ്ലണ്ടിന് തുടക്കം ഗംഭീരമാക്കി. എന്നാല്‍, പിന്നീട് പല അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഹാരി കെയ്ന്‍, റഹീം സ്റ്റെര്‍ലിങ് സഖ്യത്തിന് സാധിച്ചില്ല. ഇംഗ്ലണ്ടിന്റെ ഒരു ഗോള്‍ ലീഡില്‍ മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ കൂടുതല്‍ മികച്ച പ്രകടനത്തിന് കരുത്താര്‍ജിച്ചാണ് ക്രൊയേഷ്യ മോസ്‌ക്കോ ലിഷ്‌നിക്ക് സ്‌റ്റേഡിയത്തില്‍ ഇറങ്ങിയത്. മധ്യനിരയില്‍ ലൂക്കാ മോഡ്രിച്ചും, ഇവാന്‍ റാകിട്ടിച്ചും കളം വാണപ്പോള്‍ ഇംഗ്ലീഷ് ടീമിന് കാഴ്ചക്കാരാകേണ്ടി വന്നു. ഇവര്‍ക്കൊപ്പം വിങ്ങില്‍ പെരിസിച്ചും നിറഞ്ഞാടിയതോടെ ഇംഗ്ലീഷ് യുവ പ്രതിരോധം പൊളിഞ്ഞു പാളീസായി.

മത്സരത്തിന്റെ 68ാം മിനിട്ടിലായിരുന്ന ക്രൊയേഷ്യയുടെ മറുപടി ഗോള്‍. സാലിയ്‌ക്കോയുടെ തകര്‍പ്പന്‍ ക്രോസിന് കാല് വെച്ചാണ് പെരിസിച്ച് ക്രൊയേഷ്യയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചത്. ഇതിനിടയില്‍ പല അവസരങ്ങള്‍ ക്രൊയേഷ്യയ്ക്ക് വീണ്ടും ലഭിച്ചെങ്കിലും ഇംഗ്ലീഷ് ഗോളി പിക്ക്‌ഫോര്‍ഡ് രക്ഷകനായി.

അതേസമയം, കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടതോടെ പെനാല്‍റ്റിയിലാകും വിധി നിര്‍ണമെന്ന് തോന്നി. എന്നാല്‍, അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ മാന്‍സൂക്കിച്ച് പെരിസിച്ചിന്റെ പാസിലൂടെ ഗോള്‍ കണ്ടെത്തിയതോടെ നിഷ്‌നിയില്‍ പുതിയ ചരിത്രം പിറന്നു. 109ാം മിനുട്ടിലായിരുന്നു മാന്‍സൂക്കിച്ചിന്റെ വിജയ ഗോള്‍.

1998ല്‍ നടന്ന ലോകകപ്പില്‍ അരങ്ങേറ്റത്തില്‍ തന്നെ സെമി ഫൈനല്‍ വരെ എത്തിയതിന് ശേഷം ക്രൊയേഷ്യന്‍ ഫുട്‌ബോളില്‍ ഇത് പുതിയ ചരിത്രമാണ്. അതേസമയം, 50 വര്‍ഷത്തിന് ശേഷം ലോകകപ്പ് ഫൈനല്‍ എന്ന സ്വപ്‌നം ഇംഗ്ലണ്ടിന് പൂവണിയിക്കാന്‍ സാധിച്ചില്ല.