ക്രിസ്റ്റ്യാനോ രണ്ടും കല്‍പ്പിച്ചു തന്നെ; അവധി ആഘോഷമല്ല ലക്ഷ്യമെന്ന് പ്രഖ്യാപനം

യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ വേനല്‍ക്കാല താരകൈമാറ്റ ജാലകത്തിലെ സര്‍പ്രൈസായിരുന്നു ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസുമായുള്ള ബാന്ധവം അവസാനിപ്പിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ പഴയ ടീമായ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് കൂടുമാറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ രണ്ടാം വരവ് അവധി ആഘോഷിക്കാനല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിആര്‍7.

എനിക്ക് ഇപ്പോഴും കാര്യപ്രാപ്തിയുണ്ട്. മുന്നോട്ടു കുതിക്കാന്‍ തയാറായിക്കഴിഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വലിയ കിരീടം നേടിക്കൊടുക്കുകയാണ് ലക്ഷ്യം. അവധി ആഘോഷിക്കാനല്ല വന്നത്- ക്രിസ്റ്റ്യാനോ പറഞ്ഞു.

മാഞ്ചസ്റ്ററിലെ ആദ്യ കാലം നല്ലതായിരുന്നു. ട്രോഫികള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. ഈ ജഴ്‌സി ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ധരിച്ചതാണ്. വീണ്ടും ജയിക്കാനാണ് ചുവന്ന ചെകുത്താന്‍മാരുടെ പാളയത്തിലെത്തിയതെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. നാളെ ന്യൂകാസിലുമായുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ രണ്ടാം അരങ്ങേറ്റമുണ്ടാകുമെന്നാണ് വിവരം.