ക്രിസ്റ്റ്യാനോയുടെ 14 കോടിയുടെ കാര്‍ അപകടത്തില്‍ പെട്ടു, ഒരു വീടിന്റെ ഗെയ്റ്റ് ഇടിച്ചുതെറിപ്പിച്ചു!

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഡംബര കാര്‍ അപടകത്തില്‍പ്പെട്ടു. 14 കോടി രൂപയോളം വിലവരുന്ന താരത്തിന്റെ ബുഗാട്ടി വെയ്റോണ്‍  കാറാണ് അപകടത്തില്‍പ്പെട്ടത്. സ്പെയിനിലെ മയ്യോര്‍ക്കയില്‍വെച്ചാണ് അപകടമുണ്ടായത്.

അതിവേഗത്തില്‍ വന്ന റൊണാള്‍ഡോയുടെ കാര്‍ ഒരു വീടിന്റെ ഗെയ്റ്റ് ഇടിച്ചുതെറിപ്പിച്ചു. കാറിന്റെ മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. അപകടം നടക്കുമ്പോള്‍ ക്രിസ്റ്റ്യാനോ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം.

നിലവില്‍ അവധിക്കാലം ആഘോഷിക്കുന്നതിനായി സ്പെയ്നിലാണ് ക്രിസ്റ്റ്യാനോ ഉള്ളത്. തന്റെ കാര്‍ പോര്‍ച്ചുഗല്ലില്‍ നിന്ന് താരം മയോര്‍ക്കയിലേക്ക് എത്തിക്കുകയായിരുന്നു. താരത്തിന്റെ ജീവനക്കാരില്‍ ഒരാളാണ് വാഹനം ഓടിച്ചിരുന്നത്.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ ക്രിസ്റ്റ്യാനോ അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സ്പെയിനിലെത്തിയത്.

പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സീസണ്‍ അവസാനിപ്പിച്ചത്. 27 ഗോളുകളാണ് സീസണില്‍ ക്രിസ്റ്റ്യാനോ നേടിയത്.