ഓള്‍ഡ് ട്രാഫോര്‍ഡില്‍ ക്രിസ്റ്റ്യാനോ പുനരവതരിച്ചു; ചുവന്ന ചെകുത്താന്‍മാര്‍ക്ക് പുതുജീവന്‍

യൂറോപ്യന്‍ ഫുട്‌ബോളിലെ അതികായരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏറെക്കാലമായി നഷ്ടപ്രതാപത്തിന്റെ കണക്കെടുപ്പിലാണ്. ലീഗ് കിരീടം ചെകുത്താന്‍മാരുടെ കൂടാരത്തില്‍ എത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറിയതും വിഖ്യാത പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ പടിയിറക്കവുമെല്ലാം മാഞ്ചസ്റ്ററില വമ്പന്‍മാരെ പിന്നോട്ടടിച്ചു. ഫെര്‍ഗൂസനുശേഷം പരിശീലകരെ മാറിമാറി പരീക്ഷിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു പഴയ പെരുമ വീണ്ടെടുക്കാനായില്ല. എങ്കിലും മുന്‍താരമായ ഒലെ ഗുണ്ണാര്‍ സോള്‍ഷേറിന്റെ പരിശീലനത്തിനു കീഴില്‍ അവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ക്രിസ്റ്റ്യാനോയുടെ രണ്ടാം വരവും എതിരാളികള്‍ ഭയക്കേണ്ട നിരയായി യുണൈറ്റഡിനെ മാറ്റുന്ന ഘടകമാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം വീടു പോലെയെന്നാണ് ക്രിസ്റ്റ്യാനോ പറയുന്നത്. ക്ലബ്ബിന്റെ കുപ്പായത്തിലെ രണ്ടാം അരങ്ങേറ്റത്തിന് മുന്‍പ് സിആര്‍7 അല്‍പ്പം സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ കളം തൊട്ടപ്പോള്‍ ക്രിസ്റ്റ്യാനോ തനിനിറം കാട്ടി. ന്യൂകാസിലിന്റെ വലയില്‍ രണ്ടു തവണ നിറയൊഴിച്ച ക്രിസ്റ്റ്യാനോ തന്റെ വരവ് വെറുതെയാകില്ലെന്ന് പ്രഖ്യാപിച്ചു. ആദ്യ ഗോള്‍ അനായാസമായിരുന്നെങ്കിലും രണ്ടാമത്തേത് ക്രിസ്റ്റ്യാനോയുടെ വേഗവും ഫിനിഷിങ് പാടവവും ഒട്ടും കൈമോശംവന്നിട്ടില്ലെന്ന് തെളിയിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചും ജെസെ ലിങ്ഗാര്‍ഡിന്റെ ഉശിരന്‍ ഫിനിഷും ചേര്‍ന്നപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 4-1ന്റെ ആധികാരിക ജയം കൈപ്പിടിയിലാക്കി.

ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം പോള്‍ പോഗ്ബയും ഫെര്‍ണാണ്ടസും മാസണ്‍ ഗ്രീന്‍വുഡും ജേഡന്‍ സാഞ്ചോയും ചേരുമ്പോള്‍ യുണൈറ്റഡ് നിര ഏറെ അപകടകരമാകുന്നു. പ്രതിരോധത്തിലെ പിഴവുകളാണ് യുണൈറ്റഡ് തിരുത്തേണ്ടത്. പ്രീമിയര്‍ ലീഗില്‍ നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പത്ത് പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാമതുണ്ട്. ലീഗില്‍ കുറഞ്ഞത് 30 ഗോളുകളെങ്കിലും ക്രിസ്റ്റ്യാനോ സ്‌കോര്‍ ചെയ്താല്‍ 2012-13 സീസണിനുശേഷം കിരീടം സ്വന്തമാക്കാന്‍ യുണൈറ്റഡിന് കഴിയുമെന്നു വിലയിരുത്തപ്പെടുന്നു.