ക്രിസ്റ്റ്യാനോയും കൂട്ടരും നാണംകെട്ടു; സല മികവില്‍ ലിവര്‍പൂളിന് കൂറ്റന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരുടെ മുഖാമുഖത്തില്‍ മുന്‍ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ലിവര്‍പൂള്‍ നാണംകെടുത്തി. എതിരില്ലാത്ത അഞ്ച് ഗോളിനാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും കൂട്ടരെയും റെഡ്‌സ് കെട്ടുകെട്ടിച്ചത്. ഇതോടെ മാഞ്ചസ്റ്റര്‍ ക്ലബ്ബിന്റെ കോച്ച് ഒലെ ഗുണ്ണാര്‍ സോള്‍ഷേറിന്റെ നില പരുങ്ങലിലായി.

സൂപ്പര്‍ ഫോര്‍വേഡ് മുഹമ്മദ് സലയുടെ ഹാട്രിക്കാണ് ലിവര്‍പൂളിന്റെ വിജയത്തിലെ സവിശേഷത 38, 45+5, 50 മിനിറ്റുകളിലായിരുന്നു സലയുടെ സ്‌ട്രൈക്കുകള്‍. നാബി കെയ്റ്റ (5-ാം മിനിറ്റ്), ഡീഗോ ജോട്ട (13) എന്നിവരും ലിവര്‍പൂളിനായി ലക്ഷ്യം കണ്ടു.

60-ാം മിനിറ്റില്‍ പോള്‍ പോഗ്ബ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരം പൂര്‍ത്തിയാക്കിയത്. പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത മാഞ്ചസ്റ്റര്‍ കരുത്തരുടെ, ക്രിസ്റ്റ്യാനോ അടക്കം ആറ് കളിക്കാര്‍ക്കു നേരെയാണ് റഫറി മഞ്ഞ കാര്‍ഡ് ഉയര്‍ത്തിയത്.