ആരാധകരെ അത്ഭുതപ്പെടുത്തിയ ക്രിസ്റ്റ്യാനോ 'കേഡര്‍'

കാല്‍പ്പന്ത് കളത്തില്‍ ചടുല നീക്കങ്ങള്‍ക്ക് വിഖ്യാതനായ പോര്‍ച്ചുഗീസ് പ്രതിഭ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബ് മാറ്റവും ആരാധകരുടെയും ഫുട്‌ബോള്‍ നിരീക്ഷകരുടെയും കണക്കുകൂട്ടലുകളെ വെട്ടിച്ചു കയറുന്നതായി. ഈ സീസണില്‍ തന്നെ ക്രിസ്റ്റ്യാനോ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് വിടുമെന്ന് കോച്ച് മാസിമിലിയാനോ അല്ലെഗ്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇറ്റാലിയന്‍, ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ക്രിസ്റ്റ്യാനോയുടെ പുതിയ ക്ലബ്ബ് ഏതെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. ക്രിസ്റ്റ്യാനോയുടെ പദ്ധതികള്‍ രഹസ്യമായിവയ്ക്കാന്‍ ഏജന്റ് അടക്കം താരത്തിന് ഒപ്പമുള്ളവര്‍ക്കും സാധിച്ചു.

ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്നാണ് ഏവരും അവസാന നിമിഷം വരെ കരുതിയത്. പക്ഷേ, തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തെരഞ്ഞെടുത്ത സിആര്‍7 ഏവരെയും ഞെട്ടിച്ചു. ഭരണകൂടത്തെ നിയന്ത്രിക്കുകയും ഭരണചക്രം തിരിക്കുകയും ചെയ്യുന്ന ചില വിപ്ലവ പാര്‍ട്ടികളുടെ കേഡര്‍ സംവിധാനത്തെപോലെ രഹസ്യം കാത്തുസൂക്ഷിക്കുന്നതില്‍ ക്രിസ്റ്റ്യാനോയുടെ സംഘവും അവസാന നിമിഷംവരെ വിജയിച്ചെന്നു പറയാം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ തന്റെ പഴയ ഗുരുനാഥന്‍ സര്‍ അലക്‌സ് ഫെര്‍ഗ്യൂസന്റെ ഇടപെടലാണ് റോണോയെ ചുവന്ന ചെകുത്താന്‍മാരുടെ പാളയത്തിലേക്ക് വീണ്ടുമെത്തിച്ചതെന്ന് കരുതപ്പെടുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ആദ്യ ഊഴത്തില്‍ ഒപ്പം കളിച്ച ഒലെ ഗണ്ണാര്‍ സോള്‍ഷേര്‍ ഇപ്പോള്‍ പരിശീലകസ്ഥാനം വഹിക്കുന്നതും പ്രീമിയര്‍ ലീഗുമായുള്ള ബന്ധം പുന:സ്ഥാപിക്കാന്‍ ക്രിസ്റ്റ്യാനോയെ പ്രേരിപ്പിച്ച ഘടകങ്ങളില്‍പ്പെടുന്നു.