ഉണ്ടചോറിന് നന്ദി കാട്ടി സിആര്‍ 7; ചുവന്ന ചെകുത്താന്‍മാര്‍ക്ക് ഉത്സവം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പന്തു തട്ടാറുണ്ട്. പക്ഷേ, ക്രിസ്റ്റ്യാനോയെ ആരും തട്ടിക്കളിക്കാറില്ല. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്ന് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രാന്‍സിലെ പിഎസ്ജിയിലേക്ക് കൂടുമാറിയ നാള്‍ മുതല്‍ ക്രിസ്റ്റ്യാനോയുടെ ഭാവി സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു. ഇറ്റാലിയന്‍ ടീം യുവന്റസില്‍ ക്രിസ്റ്റ്യാനോ അതൃപ്തനായിരുന്നുവെന്നതില്‍ സംശയമുണ്ടായിരുന്നില്ല. ക്രിസ്റ്റ്യാനോഎങ്ങോട്ടുപോകുമെന്നതായി അടുത്ത ചോദ്യം. പല ക്ലബ്ബുകളുടെയും പേരുകള്‍ ഉയര്‍ന്നുകേട്ടു. പഴയ മൂല്യമില്ലാത്ത, വിറ്റുപോകാന്‍ പ്രയാസമുള്ള താരമാണെന്ന കളിയാക്കലുകള്‍ വരെയുണ്ടായി. എന്നാല്‍ തന്റെ പദ്ധതികളെ കുറിച്ച് ക്രിസ്റ്റ്യാനോ ആര്‍ക്കും വ്യക്തമായ സൂചന നല്‍കിയില്ല. ഒടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പുല്‍കാന്‍ ക്രിസ്റ്റ്യാനോ തീരുമാനിച്ചപ്പോള്‍ അതൊരു നന്ദി പ്രകാശനം കൂടിയായി.

ഒരു വ്യാഴവട്ടത്തിനുശേഷമാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തുന്നത്. 2003 മുതല്‍ 2009 വരെ ചുവന്ന ചെകുത്താന്‍മാര്‍ക്കായി ബൂട്ടു കെട്ടിയ റോണോ പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളെല്ലാം സ്വന്തമാക്കിയിരുന്നു. യുണൈറ്റഡ് കോച്ച് അലക്‌സ് ഫെര്‍ഗൂസനാണ് ക്രിസ്റ്റ്യാനോയിലെ പ്രതിഭയെ രാകി മിനുക്കിയത്. 84 ഗോളുകള്‍ ചുവപ്പു കുപ്പായത്തില്‍ ക്രിസ്റ്റ്യാനോ അടിച്ചുകൂട്ടി.

2009ല്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയശേഷവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടുള്ള സ്‌നേഹവും ആരാധനയും ക്രിസ്റ്റ്യാനോ കൈവിട്ടിരുന്നില്ല. ആ പ്രതിപത്തി തന്നെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ നിരാകരിച്ച് യുണൈറ്റഡിനെ വീണ്ടും ആശ്ലേഷിക്കാന്‍ ക്രിസ്റ്റ്യാനോയെ പ്രേരിപ്പിച്ചതും. ക്ലബ്ബിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ തിരിച്ചെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകരും അധികൃതരും.