കോപ്പ അമേരിക്ക 2021: മിന്നും പ്രകടനവുമായി നെയ്മര്‍, ജയത്തോടെ തുടങ്ങി ബ്രസീല്‍

കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ബ്രസീലിന് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ എതിരാളികളായ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മഞ്ഞപ്പട തകര്‍ത്തെറിഞ്ഞത്.

ഗോള്‍ അടിച്ചും ഗോളിന് വഴിയൊരുക്കിയും നെയ്മര്‍ മത്സരത്തില്‍ നിറഞ്ഞു നിന്നു. മാര്‍ക്വിനോസ് (23), നെയ്മര്‍ (64), ഗബ്രിയേല്‍ ബര്‍ബോസ (89) എന്നിവരുടെ ഗോളുകളാണ് ബ്രസീലിനു വേണ്ടി ഗോളുകള്‍ നേടിയത്.

ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടും ഫിനീഷിംഗിലെ പാളിച്ചകള്‍ ബ്ര്‌സീലിന് തിരിച്ചടിയായി. എന്നിരുന്നാലും പോരാട്ടം ചോരാതെ രണ്ടാം പകുതിയിലും കളംനിറഞ്ഞ നെയ്മറും കൂട്ടരും രണ്ട് ഗോള്‍ കൂടി നേടി. എല്ലാ ഗോളിലും നെയ്മറുടെ കയ്യൊപ്പുണ്ടായിരുന്നു.

കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ഇതുവരെ വെനസ്വേലയ്ക്കെതിരേ തോറ്റിട്ടില്ല. ആ റെക്കോഡ് ഈ മത്സരത്തിലും തുടരാന്‍ ബ്രസീലിന് സാധിച്ചു. കോവിഡ് മൂലം വെനസ്വേല പകരക്കാരെ ഇറക്കിയാണ് കളിച്ചത്.