ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് കടുത്ത തിരിച്ചടി: മുന്നറിയിപ്പുമായി ബെംഗളൂരു ക്യാപ്റ്റന്‍

പുതുവര്‍ഷത്തലേന്ന് നടക്കുന്ന “സൗത്ത് ഇന്ത്യന്‍ എല്‍ ക്ലാസിക്കോ” പ്രതീക്ഷയിലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരാധകര്‍. ബെംഗളൂരു എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടം പ്രതീക്ഷിക്കുന്നതിലും ആവേശം നിറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സീസണിലെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പത്ത് ടീമുകളുള്ള പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. അതേസമയം, ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ബെംഗളൂരുവാകട്ടെ നാലാം സ്ഥാനത്തും.

രണ്ട് സൗത്ത് ഇന്ത്യന്‍ ശക്തികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം എന്നതിലുപരി രാജ്യത്തെ രണ്ട് ഏറ്റവും മികച്ച ആരാധക സംഘങ്ങള്‍ നേര്‍ക്കു നേര്‍വരുന്നു എന്ന പ്രത്യേകതയാണ് ബാസ്റ്റേഴ്‌സ്-ബെംഗളൂരു പോരാട്ടം കൂടുതല്‍ വാശിയുള്ളതാക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പടയും ബെംഗളൂരു എഫ്‌സിയുടെ വെസ്റ്റ്‌ബ്ലോക്ക് ബ്ലൂസും തമ്മിലുള്ള വാശിക്കാകും നാളെ കൊച്ചിയില്‍ നടക്കുന്ന പോരാട്ടം സാക്ഷിയാവുക.

ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മൈതാനത്ത് നടക്കുന്ന മത്സരമായതിനാല്‍ തന്നെ കൊച്ചിയില്‍ മുന്‍തൂക്കം ബ്ലാസ്‌റ്റേഴ്‌സിനാണ്. എന്നാല്‍, വെസ്റ്റ്‌ബ്ലോക്ക് ബ്ലൂസും കൊച്ചിയില്‍ സാന്നിധ്യമുറപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബെംഗളൂരു എഫ്‌സിയുടെയും ഇന്ത്യന്‍ ടീമിന്റെയും ക്യാപ്റ്റനായ സുനില്‍ ഛേത്രി ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഭയക്കുന്നില്ലെന്ന് വ്യക്തമാക്കിയത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഗ്യാലറി നിറയ്ക്കുമെന്നറിയാം. എന്നാല്‍, അതു ബെംഗളൂരു എഫ്‌സിക്ക് സമ്മര്‍ദ്ദമേ ഉണ്ടാക്കുന്നില്ലെന്നാണ് ഛേത്രി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എല്ലാവരും സ്റ്റേഡിയത്തിലേക്ക് വരുന്നത് സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാനാണ്. പക്ഷെ, പരസ്പരം ബഹുമാനം പുലര്‍ത്തണം. ഛേത്രി വ്യക്തമാക്കി.

വെസ്റ്റ്‌ബ്ലോക്ക് ബ്ലൂസ് കൂടുതല്‍ പ്രഫഷണലായിട്ടുള്ള സമീപനമാണെന്നും ബ്ലാസ്റ്റേഴ്‌സ് ഒരു സാധാരണ സെറ്റ് അപ്പ് ആണെന്നുമുള്ള പ്രസ്താവനകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. ഇതിനിടയില്‍, പരസ്പരം ബഹുമാനിക്കണമെന്ന ഇന്ത്യന്‍ നായകന്റെ പ്രസ്താവന മഞ്ഞപ്പട എങ്ങിനെ സ്വീകരിക്കുമെന്ന് നാളെത്തെ മത്സരത്തോടെ അറിയാം.