നെയ്മര്‍-കവാനി പോര് വീണ്ടും?

ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് വീണ്ടും കളിക്കളത്തില്‍ പെനാള്‍റ്റിയ്ക്ക് വേണ്ടി നെയ്മറും കവാനിയും ഏറ്റുമുട്ടിയോ?. ലീഗാ വണ്ണില്‍ പി.എസ്.ജി -ട്രോയെസ്സ് മത്സരത്തിലാണാണ് ആരാധകര്‍ ഇങ്ങനെ സംശയിക്കും വിധം ചില സംഭവ വികാസങ്ങള്‍ ഉണ്ടായത്.

ആദ്യ പകുതിയില്‍ കവാനിയെ ഫൗള്‍ ചെയ്തതിനു പി.എസ്.ജിയ്ക്ക് പെനാല്‍റ്റി ലഭിയ്ക്കുന്നു. എന്നാല്‍ കിട്ടിയ സുവര്‍ണാവസരം പി.എസ്.ജി സ്‌ട്രൈക്കര്‍ കവാനി കളഞ്ഞ്കുളിയ്ക്കുകയായിരുന്നു. കവാനിയുടെ കിക്ക് ട്രോയെസ് ഗോള്‍ കീപ്പര്‍ മാമദു സമസ്സ തട്ടിയകറ്റി.

മത്സരത്തില്‍ പെനാല്‍റ്റി ബോക്സിനുള്ളില്‍ കവാനിയെ ട്രോയസ്സ് താരം വലിച്ചിട്ടതാണ് പെനാള്‍റ്റിയില്‍ കലാശിച്ചത്. തുടര്‍ന്ന് കവാനിയും നെയ്മറും തമ്മില്‍ പെനാല്‍റ്റി കിക്ക് ആരെടുക്കണമെന്നതിനെ ചൊല്ലി സംസാരം ഉണ്ടാവുകയും കവാനി കിക്കെടുക്കുകയുമായിരുന്നു. കവാനിയ്ക്ക് പെനാള്‍റ്റി നല്‍കുന്നതില്‍ നെയ്മര്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും ശരീരഭാഷയില്‍ അസംതൃപ്തി നിഴലിക്കുന്നത് വ്യക്തമായിരുന്നു.

ഇതോടെ ഫുട്ബോള്‍ ലോകത്ത് ഇതിനെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ നടക്കുകയാണ്. മത്സരത്തില്‍ പി.എസ്.ജി 2-0 ന് ജയിച്ചിരുന്നു. നെയ്മറും കവാനിയുമാണ് പിഎസ്ജിയുടെ ഗോള്‍ നേടിയത്. ലീഗില്‍ നെയ്മറിന്റെ എട്ടാമത്തെ ഗോളായിരുന്നു ഇത്.

ബാഴ്സലോണയില്‍ നിന്നും 222 മില്യണ്‍ യൂറോ എന്ന റെക്കോഡ് തുകയ്ക്കാണ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി നെയ്മറെ സ്വന്തമാക്കിയത്. പി.എസ്.ജിയിലെത്തിയപ്പോള്‍ മുതല്‍ താരം ക്ലബ്ബില്‍ സംതൃപ്തനല്ലായെന്നും സഹതാരം കവാനിയുമായി അഭിപ്രായ വ്യത്യാസത്തിലാണ് എന്ന തരത്തിലുളള വാര്‍ത്തകള്‍ നെയ്മറെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു.