ബ്ലാസ്‌റ്റേഴ്‌സ് ഉടമ സെര്‍ബിയയില്‍ അറസ്റ്റില്‍

ഐ.എസ്.എല്ലിലെ മലയാളി ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമ നിമ്മ ഗാദ പ്രസാദ് സെര്‍ബിയയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. വിവിധ തെലുങ്ക് പത്രങ്ങളാണ് നിമ്മ പ്രസാദ് സെര്‍ബിയയില്‍ പൊലീസ് പിടിയിലായതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ വെച്ചാണ് അറസ്റ്റ് നടന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്. ആന്ധ്ര പ്രദേശിലെ പ്രധാന വ്യവസായിയായ നിമ്മ ഗാദ പ്രസാദ് തട്ടിപ്പ് കേസിലാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് സൂചന.

2008-ല്‍ ആന്ധ്രയില്‍ പ്രസാദും യു.എ.ഇയിലെ റാസല്‍ ഖൈമ കേന്ദ്രമായ കമ്പനിയും ചേര്‍ന്ന് തുടങ്ങി വെച്ച വ്യവസായ പാര്‍ക്ക് പദ്ധതിയുടെ പേരിലുള്ള പരാതിയിലാണ് പ്രസാദ് അറസ്റ്റിലായത്. ഈ പദ്ധതിയില്‍ പ്രസാദ് തട്ടിപ്പ് നടത്തിയെന്നും അതേത്തുടര്‍ന്ന് തങ്ങള്‍ക്ക് നഷ്ടമുണ്ടായെന്നുമുള്ള അറബ് കമ്പനിയുടെ പരാതി ലഭിച്ചതോടെയാണ് സെര്‍ബിയിയല്‍ വിനോദയാത്രയിലായിരുന്ന പ്രസാദ് അറസ്റ്റിലായത്.

പദ്ധതിക്കായി 24,000 ഏക്കറോളം ഭൂമി അന്നത്തെ സര്‍ക്കാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് പരാതി ഉയര്‍ന്നത്. പ്രസാദിനെ മോചിപ്പിക്കാന്‍ കേന്ദ്ര തലത്തില്‍ ഇടപെടലുകള്‍ നടക്കുന്നുണ്ട്. ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ മോചിപ്പിക്കാനായി ശ്രമം നടത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെയും ഇതുമായി ബന്ധപ്പെട്ട ആരോപണമുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ ഉടമയായ നിമ്മഗഡ്ഡ പ്രസാദ് ബംഗളൂരു ബ്ലാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടീമിന്റേയും ഉടമസ്ഥനാണ്. പ്രൊ കബഡി ലീഗില്‍ തമിഴ് തലൈവാസിലും നിമ്മഗഡ്ഡ പ്രസാദിന് പങ്കാളിത്തമുണ്ട്.