ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകര്‍ കൈവിട്ടോ?

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ ഏറ്റുവാങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ ടീമിന്റെ ഏറ്റവും വലിയ ശക്തിയായ ആരാധകരും കൈവിട്ടോ. ഇന്ന് പൂനെ സിറ്റി എഫ്‌സിയുമായി നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകളില്‍ പാതിയില്‍ വില്‍പ്പന നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റ് വില്‍പ്പനയില്‍ ഗണ്യമായ കുറവ് ടീമിന് സ്റ്റേഡിയത്തിലുള്ള പിന്തുണ കുറയ്ക്കുമെന്നാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്.

ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും വലിയ ശക്തി ആരാധകരാണെന്ന് എതിര്‍ താരങ്ങളും ടീമുകളും പരിശീലകരും വരെ പറഞ്ഞിരുന്നു. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിനെതിരേ 12 പേരുമായാണ് കളിക്കേണ്ടി വരുന്നതെന്ന് എതിര്‍ടീമിന്റെ പ്രസ്താവന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശക്തി തെളിയിക്കുന്നതായിരുന്നു. അതേസമയം, ഈ സീസണിലെ മോശം പ്രകടനവും പരിശീലകന്റെ രാജിയും ടീമിന് തിരിച്ചടിയായി എന്നാണ് ആരാധകരെ ആശങ്കയിലാക്കുന്നത്.

എന്നാല്‍, കേരള ബ്ലാസ്റ്റേഴ്‌സിനെ വികാരമായിക്കാണുന്ന ആരാധകര്‍ കൊച്ചിയില്‍ ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ആര്‍പ്പുവിളിക്കാനുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. മഞ്ഞപ്പട ഉള്‍പ്പെടുയുള്ള ഫാന്‍സ് ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ടീമിനെ നിര്‍ണായക ഘട്ടത്തില്‍ പിന്തുണ നല്‍കണമെന്ന് ഫാന്‍സ് ഗ്രൂപ്പിലെ അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Read more

ഫുട്ബോള്‍ ഒരു ഗെയിം ആണെന്നും അതില്‍ എല്ലാ കളിയും ഒരു കൂട്ടര്‍ തന്നെ ജയികണം എന്നു പറയുന്നത് മണ്ടത്തരം ആണ്. നല്ല കളി ഉണ്ടോ സപ്പോര്‍ട്ട് ചെയ്യുക ജയത്തിലും തൊല്‍വിയിലും ടീമിന്റെ കൂടെ നില്‍ക്കുക. നമുക്ക് അണി ചേരാം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി. വരാന്‍ പോകുന്ന ആ നല്ല സമയത്തിനായി. മഞ്ഞപ്പട ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ നിന്നുള്ള വികാരം ഇങ്ങനെയാണ്.