സി.ഇ.ഒയേയും പുറത്താക്കി, ബ്ലാസ്റ്റേഴ്‌സില്‍ കൊട്ടാരവിപ്ലവം

ഐഎസ്എല്ലിലെ പ്രധാന ക്ലബുകളില്‍ ഒന്നായ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത് രൂക്ഷ പ്രതിസന്ധിയിലാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പുതിയ മാനേജുമെന്റ് കളംപിടിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖം തന്നെ മാറുമെന്ന് ഉറപ്പായി. ഇതിനിടെ ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വീരന്‍ ഡിസില്‍വയേയും പുതിയ മാനേജ്മെന്റ് പുറത്താക്കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സ്‌പോട്‌സ് മാധ്യമമായ ഫാന്‍പോര്‍ട്ട് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാനേജരുമായുളള അഭിപ്രായ വ്യത്യാസമാണ് ഡിസില്‍വയെ പുറത്താക്കുന്നതിലേക്ക് മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്. കളിക്കാരുടെ പ്രതിഫലം കുറയ്ക്കുന്ന വിഷയത്തിലടക്കം മാനേജ്മെന്റിന്റെ തീരുമാനത്തോട് ഡിസില്‍വയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നത്രെ. ഇതോടെയാണ് ഡസില്‍വയെ മാറ്റാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്.

ആദ്യ രണ്ട് സീസണുകളിലും ഡിസില്‍വ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സി.ഇ.ഒ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ സി.ഇ.ഒ ആയ വരുണ്‍ ത്രിപുരനേനി ടീം വിട്ട ഒഴിവിലേക്കാണ് ഡിസില്‍വ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ നേതൃസ്ഥാനത്തേയ്ക്ക് വന്നത്.

സന്ദേഷ് ജിങ്കന്‍ ടീം വിട്ട ഷോക്കില്‍ ഇരിയ്ക്കുന്ന ആരാധകര്‍ക്ക് പുതിയ വാര്‍ത്ത കൂടുതല്‍ പ്രഹരമാണ് ഏല്‍പിയ്ക്കുക. നേരത്തെ ബ്ലാസ്റ്റേഴ്‌സ് രൂക്ഷമായി സാമ്പത്തിക പ്രതിസന്ധി അനുഭവിയ്ക്കുന്നതായി സൗത്ത് ലൈവ്‌ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.