ഐ.എസ്.എല്ലില്‍ മുംബൈ സിറ്റിയ്ക്ക് വീണ്ടും തിരിച്ചടി ; ബംഗലുരു എഫ്‌.സിയോട് കനത്ത പരാജയം

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫു്ട്‌ബോളില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈസിറ്റിയ്ക്ക് ദുര്‍വ്വിധി തുടരുന്നു. മുന്‍ ചാംപ്യന്മാരായ ബംഗലുരു എഫ്.സി.യോട് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു പരാജയപ്പെട്ടത്. പ്രിന്‍സ് ഇബാറയുടെ ഇരട്ടഗോളും ഡാനിഷ് ഫാറൂഖ് ഭട്ടിന്റെ ഗോളുമായിരുന്നു വിജയം നിര്‍ണ്ണയിച്ചത്.

ഇതോടെ ഒന്നാംസ്ഥാനത്ത് എത്താനുള്ള മുംബൈയുടെ അവസരം പോയി. ഒരു പോയിന്റ് നേടിയാല്‍ പോലും ഒന്നാം സ്ഥാനത്ത് എത്തുമായിരുന്ന അവര്‍ കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന് പിന്നില്‍ തുടരുകയാണ്. ശക്തമായ തിരിച്ചുവരവാണ് ബംഗലുരു നടത്തിയത്. 11 കളികള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 16 പോയിന്റായി. മുംബൈയ്ക്ക് 11 കളിയില്‍ നിന്നും 17 പോയിന്റാണ്.

തുടക്കംമുതല്‍ എല്ലാമേഖലയിലും ആധിപത്യം പുലര്‍ത്തിയ അവര്‍ ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകളും നേടിയിരുന്നു. അതിന് ശേഷവും ആക്രമണം തുടര്‍ന്ന അവര്‍ അനേകം അവസരങ്ങളും നഷ്ടമാക്കിയിരുന്നു. സൂപ്പര്‍താരം ഇഗോര്‍ അംഗുലോയെ കൃത്യമായി പൂട്ടിയതും അഹമ്മദ് ജാഹു ഇല്ലാതിരുന്നതും മൊര്‍ദാദാ പോള്‍ ഫോമിലാകാതിരുന്നതും മുംബൈയ്ക്ക് തിരിച്ചടിയായി.  കഴിഞ്ഞ അഞ്ചു മത്സരമായി അവര്‍ വിജയം കണ്ടിട്ടേയില്ല.