മെസിയെ പോലും പറ്റിച്ച് അര്‍ജന്റീനയുടെ കള്ളക്കളി; വെട്ടിയൊഴിഞ്ഞ് സൂപ്പര്‍ താരം

സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വെനിസ്വേലയോട് നാണംകെട്ട അര്‍ജന്റീനയില്‍ നിന്ന് ആരാധകര്‍ക്ക് ദുഃഖവാര്‍ത്ത. മത്സരത്തിലേറ്റ പരിക്കു മൂലം അടുത്ത മത്സരത്തില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി പിന്മാറിയതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇതിഹാസ താരം ഡിയാഗോ മറഡോണ രംഗത്തു വന്നിരുന്നു.

പണത്തിനു വേണ്ടി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കൊള്ളരുതായ്മകള്‍ കാണിക്കുന്നവരാണെന്നും ആരാധകരെ അവര്‍ പറ്റിക്കുകയാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം മറഡോണ തുറന്നടിച്ചത്. ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള രാജ്യങ്ങളിലൊന്നായ അര്‍ജന്റീന ഇത്തരം പുറത്തെ കളി കളിക്കുന്നുവെന്ന ആരോപണം ആരാധകരെ ഞെട്ടിച്ചിരുന്നു. അസോസിയേഷന്‍ നടത്തിപ്പുകള്‍ക്കെതിരെ നേരത്തെയും പലവിധ പരാതികളും ഉയര്‍ന്നിരുന്നു.

സൂപ്പര്‍ താരം മെസിയുടെ വിപണി മൂല്യം ഉപയോഗിച്ച് പണം തട്ടാനുള്ള നീക്കം മെസി തന്നെ തകര്‍ത്തുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. വെനിസ്വേലയ്‌ക്കെതിരേ മുഴുവന്‍ സമയവും കളിച്ച മെസിക്ക് പരിക്ക് ഉണ്ടെന്ന് പറഞ്ഞാണ് മൊറോക്കോയ്‌ക്കെതിരേ നടക്കുന്ന മത്സരത്തില്‍ നിന്നും താരം പിന്‍മാറുകയാണെന്ന് അസോസിയേഷന്‍ പ്രഖ്യാപിച്ചത്.

അതേസമയം പരിക്കേറ്റത് കളി കഴിഞ്ഞതിന് ശേഷമാണോ അറിഞ്ഞതെന്നും മറ്റും സോഷ്യല്‍ മീഡിയയിലടക്കം ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് മെസി മനപ്പൂര്‍വം മത്സരത്തില്‍ നിന്നും പിന്മാറിയതാണെന്നാണ് സൂചന. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്റെ പേരു വെച്ച് അനാവശ്യമായ വരുമാനം ഉണ്ടാക്കെണ്ടെന്നു കരുതിയാണ് മെസി പിന്മാറിയതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നത്.

Read more

മെസി പിന്മാറിയതോടെ മൊറോക്കോ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് നല്‍കേണ്ട തുകയില്‍ വലിയ ഇടിവാണു സംഭവിച്ചിരിക്കുന്നത്. ഏതാണ്ട് പകുതിയോളം തുക മൊറോക്കോ അര്‍ജന്റീനക്കു നല്‍കേണ്ടതില്ല. വലിയ സ്റ്റാര്‍വാല്യൂ ഉള്ളൊരു താരം മൊറോക്കോയില്‍ കളിക്കുന്നതിനാണ് അവിടുത്തെ എഫ്എ പണം നല്‍കുന്നത്. ഫിഫ നിര്‍ദ്ദേശിച്ചതല്ലാതെ സംഘടിപ്പിക്കുന്ന സൗഹൃദ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ തമ്മില്‍ ഇത്തരമൊരു കരാര്‍ ഉണ്ടായിരിക്കും. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് പത്തു ലക്ഷം യൂറോയാണ് മത്സരത്തില്‍ പങ്കെടുത്താല്‍ മൊറോക്കോ വാഗ്ദാനം ചെയ്തിരുന്നതെന്നും എന്നാല്‍ മെസി പിന്മാറിയതോടെ അത് അഞ്ചര ലക്ഷമായി കുറച്ചുവെന്നും ഒരു മൊറോക്കന്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.