വീഡിയോ എടുക്കാന്‍ സമ്മതിക്കില്ല, സന്നദ്ധ സേവകനായി അനസ്

മലപ്പുറത്ത് പ്രളയ ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക. ശുചീകരണ പ്രവൃത്തി ചെയ്യുന്ന സെലിബ്രിറ്റിയുടെ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നും ഒഴിഞ്ഞു മാറിയാണ് ഏവര്‍ക്കുമൊപ്പം അനസ് യജ്ഞത്തില്‍ പങ്കെടുക്കുന്നത്.

മലപ്പുറം ജില്ലയിലെ വാഴക്കാട് വാലില്ലാപുഴയിലാണ് അനസ് ശുചീകരണത്തിനിറങ്ങിയത്. അനസ് ഉള്‍പ്പെടെ അദ്ദേഹത്തിന്റെ നാടായ കൊണ്ടോട്ടി മുണ്ടപ്രയിലെ ഗ്രാമം ഒന്നിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയതോടെ നാടാകെ ആവേശത്തിലായി.

നാട്ടുകാരിലൊരാള്‍  ഒഴിഞ്ഞു മാറുന്ന അനസിനെ വീഡിയോയില്‍ പിടിച്ചു നിര്‍ത്തി ചേര്‍ക്കുകയായിരുന്നു. ദേഹം മുഴുവന്‍ ചളിയുമായാണ് അനസ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. തന്നെ വളര്‍ത്തിയത് നാട്ടുകാരാണെന്നും അവര്‍ക്കൊപ്പം നില്‍ക്കണമെന്ന ആഗ്രഹം മാത്രമാണ് ഉള്ളതെന്നും അനസ് പറഞ്ഞു.