സാഞ്ചസ് ഇനി മാഞ്ചസ്റ്ററില്‍, ആ താരത്തെ ആഴ്‌സണലിന് വിട്ടുനല്‍കി

ആഴ്‌സണലിന്റെ ചിലിയന്‍ സൂപ്പര്‍ താരമായ അലക്‌സിസ് സാഞ്ചസ് ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍. സാഞ്ചസിനെ സ്വന്തമാക്കിയെന്ന് യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന മിഖിറ്റാരിയനെ ആഴ്‌സനലിനു വിട്ടു കൊടുത്താണ് സാഞ്ചസിനെ യുണൈറ്റഡ് സ്വന്തമാക്കിയത്. മിഖിറ്റാറിയന്‍ ക്ലബിലെത്തിയ കാര്യം ആഴ്‌സനലും സ്ഥിരീകരിച്ചു.

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് സാഞ്ചസ് യുണൈറ്റഡിലെത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കണ്‍മുന്നില്‍ നിന്നാണ് യുണൈറ്റഡ് സാഞ്ചസിനെ റാഞ്ചിയെടുത്തത്. ജനുവരി ട്രാന്‍സ്ഫര്‍ വിന്റോ ആരംഭിക്കുന്നതു വരെ സാഞ്ചസ് ആഴ്‌സനലില്‍ നിന്നും സിറ്റിയിലേക്കു തന്നെ ചേക്കേറുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ട്രാന്‍സ്ഫര്‍ ജാലകം ആരംഭിച്ചതോടെയാണ് സാഞ്ചസ് ട്രാന്‍സ്ഫര്‍ അപ്രതീക്ഷിത ട്വിസ്റ്റിലെത്തിയത്.

സാഞ്ചസിന്റെ വേതന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ സിറ്റി തയ്യാറാവാതിരുന്നതാണ് താരം യുണൈറ്റഡിലെത്താന്‍ പ്രധാന കാരണം. ആഴ്ചയില്‍ നാലര ലക്ഷം യൂറോയെന്ന ഭീമമായ തുകയാണ് യുണൈറ്റഡ് സാഞ്ചസിനു വേതനമായി നല്‍കുന്നത്. സൂപ്പര്‍ താരം പോള്‍ പോഗ്ബക്കു വരെ ഇതിന്റെ പകുതി തുകയേ പ്രതിഫലമായി യുണൈറ്റഡ് നല്‍കുന്നുള്ളു.

കഴിഞ്ഞ സീസണുകളില്‍ യുണൈറ്റഡിന്റെ പ്രധാന താരമായിരുന്ന മിഖിറ്റാരിയനു ഈ സീസണിലെ ഫോമില്ലായ്മയാണ് ക്ലബില്‍ നിന്നും പുറത്തു പോകാന്‍ കാരണമായത്. മുന്‍ ഡോര്‍ട്മുണ്ട് താരമായിരുന്ന മിഖിറ്റാറിയനു പുറമേ ഡോര്‍ട്മുണ്ടിന്റെ തന്നെ ഓബമയാങ്ങിനു വേണ്ടിയും ആഴ്‌സനല്‍ ശ്രമം നടത്തുന്നുണ്ട്.