വസന്തം അകന്നിട്ടില്ല, ഒടുവില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് അര്‍ജന്റീനയുടെ മുന്നേറ്റം. വെനിസ്വേലയാണ് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളി.

ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ വിജയം അനിവാര്യമായ ഘട്ടത്തിലാണ് മെസിയും കൂട്ടരും ഖത്തറിനെ നേരിടാന്‍ ഇറങ്ങിയത്. താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച അര്‍ജന്റീനയ്ക്കായി ലോറോ മാര്‍ട്ടിനസ്, സെര്‍ജിയോ അഗ്യൂറോ എന്നിവരാണ് ഗോളുകള്‍ നേടിയത്.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തിയിരുന്നു. ഖത്തര്‍ പ്രതിരോധത്തിന്റെ വിള്ളല്‍ മുതലെടുത്ത് ലോട്ടറോ മാര്‍ട്ടിനസാണ് ഗോള്‍ നേടിയത്. എന്നാല്‍ ഗോള്‍ വഴങ്ങിയിട്ടും ആത്മവിശ്വാസത്തോടെ കളിച്ച ഖത്തര്‍ പല തവണ ഫുട്‌ബോള്‍ പ്രേമികളുടെ കൈയടി നേടി.

രണ്ടാം പകുതിയില്‍ കുറച്ച് കൂടി ആക്രമിച്ച് കളിക്കാനാണ് അര്‍ജന്റീന ശ്രമിച്ചത്. എന്നാല്‍ ഗോളുകള്‍ മാത്രം പിറന്നില്ല. എഴുപത്തിയാറാം മിനിറ്റില്‍ മാര്‍ട്ടിനസിന് പകരം ഡിബാല കളത്തിലെത്തി. കളത്തിലെത്തി ആറാം മിനിറ്റില്‍ ഡിബാല ടീമിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കി. ഡിബാല നല്‍കിയ പന്തുമായി എതിര്‍ ബോക്‌സിലേക്ക് കുതിച്ച സെര്‍ജിയോ അഗ്യൂറോയാണ് എതിരാളികളെ വെട്ടിയൊഴിഞ്ഞ് ഗോള്‍ സൃഷ്ടിച്ചത്.

ഗ്രൂപ്പില്‍ നടന്ന മറ്റൊരു മത്സരത്തില്‍ കൊളംബിയ 1-0 ന് പരാഗ്വെയെ കീഴടക്കുകയും ചെയ്തതോടെ അര്‍ജന്റീന ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലുമെത്തി.