'ഒരു പുതിയ തുടക്കം', വമ്പന്‍ പ്രഖ്യാപനവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എല്‍ വമ്പന്‍മാരായ കേരള ബ്ലാസ്റ്റേഴ്സിന്റെ വനിത ടീം രൂപീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ‘ഒരു പുതിയ തുടക്കം’ എന്ന ക്യാപ്ഷനോടെ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് തങ്ങളുടെ വനിതാ ടീം രൂപവത്ക്കരിച്ചതായി ക്ലബ്ബ് അറിയിച്ചത്.

ടീമിലെ താരങ്ങളുടെ പ്രഖ്യാപനവും ഉടന്‍ തന്നെ നടത്തും. ഒരാഴ്ചക്കകം വനിത ടീം പ്രഖ്യാപിക്കും. എറണാകുളം പനമ്പിള്ളി നഗറില്‍ പരിശീലനത്തിലാണ് ടീം. മുന്‍താരവും പരിശീലകനുമായ ഷെരീഫ് ഖാന്‍ എ.വി. ആയിരിക്കും വനിതാ ടീമിന്റെ ആദ്യ ഹെഡ്കോച്ച്.

കേരള ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ കേരള വിമന്‍സ് ലീഗില്‍ മുഴുവന്‍ മലയാളികള്‍ അണിനിരക്കുന്ന ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറക്കുകയെന്ന് ചീഫ് കോച്ച് എ.വി. ഷെരീഫ് ഖാന്‍, കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെയും വനിത ടീമിന്റെയും ഡയറക്ടര്‍ എ.കെ. റിസ്‌വാന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

കിരീട നേട്ടത്തോടെ ഇന്ത്യന്‍ വനിത ലീഗിലേക്ക് യോഗ്യത നേടാന്‍ ലക്ഷ്യമിട്ടായിരിക്കും കളിക്കുക. രണ്ടുമൂന്ന് വര്‍ഷത്തിനകം എ.എഫ്.സി തലത്തില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യാനും ക്ലബ് ലക്ഷ്യമിടുന്നു.