പിക്ഫോര്‍ഡ് വീടണഞ്ഞു; മകന്‍ കാത്തുവച്ചത് ബിഗ് സര്‍പ്രൈസ്

യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ഇറ്റലിയോട് മുട്ടുകുത്തിയെങ്കിലും ഗോളി ജോര്‍ഡാന്‍ പിക്ഫോര്‍ഡിന്റെ പോരാട്ടവീര്യം ആരും മറക്കില്ല. ടൂര്‍ണമെന്റിലുടനീളം ഇംഗ്ലണ്ടിനായി ഉശിരന്‍ പ്രകടനമാണ് വലയ്ക്കു കീഴില്‍ പിക്ഫോര്‍ഡ് നടത്തിയത്. ഫൈനല്‍ ഷൂട്ടൗട്ടില്‍ രണ്ട് ഇറ്റാലിയന്‍ താരങ്ങളുടെ പെനാല്‍റ്റി കിക്കുകള്‍ സേവ് ചെയ്ത പിക്ഫോര്‍ഡ് തോറ്റുകൊടുക്കാന്‍ മനസിലാത്തവനെന്ന് അടിവരയിട്ടു. ഫുട്ബോളിനോട് തത്കാലം സലാം പറഞ്ഞ് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് മടങ്ങിയ പിക്ഫോര്‍ഡിന് മകനടക്കമുള്ള കുടുംബാംഗങ്ങള്‍ കാത്തുവച്ചത് ബിഗ് സര്‍പ്രൈസ്.

പിക്ഫോര്‍ഡിന്റെ വരവ് ആഘോഷിക്കാന്‍ വീട്ടില്‍ ആഘോഷത്തിന്റെ വലിയൊരു കൂടാരമാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുക്കിയത്. പിക്ഫോര്‍ഡിന്റെ ചിത്രം പതിച്ച ബാനറുകള്‍ അവിടെ പാറിപ്പറന്നു. ബലൂണുകളും തോരണങ്ങളാലും കൂടാരം അലങ്കരിക്കപ്പെട്ടു. കൈയടികളോടെയും പ്രശംസാവര്‍ഷത്തോടെയുമാണ് വീട്ടിലെത്തിയ പിക്ഫോര്‍ഡിനെ അവിടെ കൂടിയവര്‍ സ്വീകരിച്ചത്. പിക്ഫോര്‍ഡിനൊപ്പം ഫോട്ടോയും വീഡിയോയും ഒക്കെ പകര്‍ത്താന്‍ അവര്‍ മത്സരിച്ച നിമിഷങ്ങള്‍.

സ്വീകരണത്തിനെത്തിയ യുവതിയുവാക്കളില്‍ പലരും പിക്ഫോര്‍ഡിന്റെ ചിത്രം പതിച്ച മുഖംമൂടി ധരിച്ചിരുന്നു. എന്നാല്‍ അവരേക്കാള്‍ ഏറെ പിക്ഫോര്‍ഡിനെ സന്തോഷിപ്പിച്ചത് മകന്‍ ആര്‍ലോ ജോര്‍ജാണ്. സ്പൈര്‍ഡര്‍മാന്റെ വേഷം ധരിച്ചായിരുന്നു അച്ഛനെ ആര്‍ലോ സ്വീകരിച്ചത്. “നിങ്ങള്‍ എന്റെ സൂപ്പര്‍ ഹീറോയാണ് ഡാഡി” എന്ന് ആര്‍ലോ പറഞ്ഞപ്പോള്‍ പിക്ഫോര്‍ഡ് നിറഞ്ഞ ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. യൂറോ കപ്പില്‍ മിന്നും പ്രകടനമാണ് പിക്ഫോര്‍ഡ് പുറത്തെടുത്തത്. ക്വാര്‍ട്ടര്‍വരെ ക്ലീന്‍ ഷീറ്റ് കാത്തുസൂക്ഷിച്ച പിക്ഫോര്‍ഡ് ടൂര്‍ണമെന്റിലാകെ വഴങ്ങിയത് രണ്ട് ഗോള്‍ മാത്രം.