'കളി മാറ്റിമറിക്കാന്‍ കഴിവുള്ളയാള്‍', സ്റ്റാര്‍ പേസറെ വാഴ്ത്തി സഹീര്‍

ഇന്ത്യയുടെ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമി മത്സര ഗതി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള കളിക്കാരനാണെന്ന് ഇതിഹാസ താരം സഹീര്‍ ഖാന്‍. ഇന്ത്യന്‍ ടീമിലെ സുപ്രധാന കണ്ണിയാണ് ഷമിയെന്നും മുന്‍ പേസര്‍ കൂടിയായ സഹീര്‍ പറഞ്ഞു.

ഷമിയുടെ വിജയകരമായ കരിയര്‍ എനിക്ക് മഹത്തരമായി തോന്നുന്നു. ഷമിയുടെ ബോളിംഗ് കരിയര്‍ അസാധാരണം. ശരിക്കും എല്ലാ ഇന്ത്യന്‍ പേസര്‍മാരും മികച്ച ബോളര്‍മാരായി മാറിയെങ്കിലും ഷമിയുടെ റെക്കോഡ് ഉജ്ജ്വലമാണ്. പേസ് നിരയുടെ നായകനാണ് അയാള്‍. നിര്‍ണായക സമയങ്ങളില്‍ ടീമിന് ബ്രേക്ക്ത്രൂ നല്‍കുന്നുവെന്നതാണ് ഷമിയെ സംബന്ധിച്ച ഏറ്റവും മികച്ച കാര്യം- സഹീര്‍ ഖാന്‍ പറഞ്ഞു.

മത്സരഗതി മാറ്റിമറിക്കുന്ന ബോളറാണ് ഷമി. ഒരു സ്‌പെല്ലില്‍ രണ്ടോമൂന്നോ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ബോളര്‍മാര്‍ക്ക് കളിയുടെ ഗതി തിരിക്കാനാവും. ഷമിക്ക് ആ കഴിവുണ്ടെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.