കളിക്കാതെ റെയ്നയ്ക്ക് യുവരാജ് ട്രോൾ, ആ താരം ആയിരുന്നില്ലേ ചെന്നൈയുടെ ഭാഗ്യനക്ഷത്രം

മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പർ കിംഗ്സിനും ഐപിഎൽ 2022 വളരെ മോശം സീസൺ ആയിരുന്നു . 10 മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി, മുംബൈ നിലവിൽ ടേബിളിൽ അവസാന സ്ഥാനത്താണ്, മറുവശത്ത്, ചെന്നൈ 12 മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി സ്റ്റാൻഡിംഗിൽ തൊട്ട് മുകളിലും . വ്യാഴാഴ്ച ഇരുടീമുകളും മുഖാമുഖം വന്നപ്പോൾ നിലവിലെ ചാമ്പ്യന്മാർ അഞ്ച് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു.

ഇരു ടീമുകളും തമ്മിൽ ആദ്യം ഏറ്റുമുട്ടിയ മത്സരത്തിൽ ചെന്നൈ ജയിച്ചപ്പോൾ രണ്ടാമത്തെ പോരാട്ടത്തിൽ ജയം മുംബൈക്ക് ഒപ്പം നിന്നു. വലിയ തോൽവി റ്റുവാങ്ങിയ ചെന്നൈ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. തോൽവിയോടെ ചെന്നൈയുടെയും പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗും ചെന്നൈയെ ട്രോളി . ഇൻഡോർ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു യുവരാജും സുരേഷ് റെയ്‌നയും. താനും റെയ്‌നയും ഒരുമിച്ച് ഇരിക്കുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ യുവരാജ് പോസ്റ്റ് ചെയ്തു. ആ വീഡിയോയിൽ, 40 കാരനായ മുൻ ഓൾറൗണ്ടർ ചെന്നൈയുടെ മോശം പ്രകടനത്തെക്കുറിച്ച് പറഞ്ഞ് റെയ്നയെ കളിയാക്കുന്നത് കാണാം.

ഇന്ന് നിന്റെ ടീം 97 റൺസിന് പുറത്തായി. എന്താണ് പറയാനുള്ളത്?’– വിഡിയോയിൽ റെയ്നയോടു യുവി ചോദിക്കുന്നു. തൊട്ടുപിന്നാലെ ഇതിനു റെയ്ന മറുപടിയും നൽകുന്നുണ്ട്. ‘ഞാൻ മത്സരത്തിന്റെ ഭാഗമായിരുന്നില്ല’– എന്നായിരുന്നു റെയ്നയുടെ മറുപടി. ഇതിനുശേഷം യുവി പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.

റെയ്‌ന കളിക്കാതിരുന്ന രണ്ട് സീസണുകളിലാണ് ചെന്നൈ പ്ലേ ഓഫ് എത്താതെ പുറത്തായത്. റെയ്നയായിരുന്നു ചെന്നൈയുടെ ഭാഗ്യ നക്ഷത്രം എന്നുപറഞ്ഞ് ആളുകൾ രംഗത്ത് വന്നിരുന്നു. ഈ സീസണിൽ താരത്തിനെ ചെന്നൈ ലേലത്തിൽ എടുത്തില്ല.