യുവി വിളിച്ചു, തായ്‌ലന്‍ഡില്‍ പഴയ ടീം ഇന്ത്യ ഒത്തുകൂടി

ജന്മദിനം തായ്‌ലന്‍ഡില്‍ ആഘോഷിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. 38-ാം ജന്മദിനമാണ് ടീം ഇന്ത്യയിലെ  സുഹൃത്തുകള്‍ക്കൊപ്പം യുവി ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍, അജിത് അഗാര്‍ക്കാര്‍ എന്നിവര്‍ക്കൊപ്പമാണ് യുവിയുടെ തായ്‌ലന്‍ഡിലെ ആഘോഷം. ഇവരുടെ ഭാര്യമാരും ഒപ്പമുണ്ട്. ഹര്‍ഭജന്‍ സിംഗ് ആണ് ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കു വെച്ച് ജന്മദിനാശംസയുമായി സമൂഹ മാധ്യമങ്ങളിലെത്തിയത്.

ഹര്‍ഭജന് പിന്നാലെ സച്ചിനുമെത്തി. ആരോഗ്യവാനായിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേയെന്നാണ് യുവിക്ക് ആശംസ നേര്‍ന്ന് സച്ചിന്‍ പറയുന്നത്. തായ്‌ലന്‍ഡില്‍ നിന്ന് യുവിക്കൊപ്പമുള്ള ചിത്രങ്ങളും സച്ചിന്‍ പങ്കുവെയ്ക്കുന്നു.

2000-ല്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയ യുവി ഈ വര്‍ഷം ജൂണിലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ വിവിധ ടി20 ലീഗുകളില്‍ യുവി സ്ഥിരസാന്നിദ്ധ്യമാണ്. യുവരാജിന് ജന്മദിനാശംസകളുമായി നിരവധി ഇന്ത്യന്‍ താരങ്ങളെത്തി.