'രണ്ടാം ഇന്നിംഗ്‌സിന് സമയമായി' ആരാധകരെ ആകാംക്ഷയിലാക്കി യുവി

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്നു യുവരാജ് സിംഗ്. വലിയ ആരാധകവൃന്ദമുള്ള താരങ്ങളില്‍ മുന്‍നിരയിലുണ്ട് യുവി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം യുവി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യുവരാജിന്റെ ഒരു ട്വീറ്റാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളെ ആകാംക്ഷയിലാഴ്ത്തിയിരിക്കുന്നത്.

ഇതാണ് സീസണ്‍. നിങ്ങള്‍ തയ്യാറാണോ ?. എല്ലാവര്‍ക്കും ഒരു സര്‍പ്രൈസുണ്ട്. കാത്തിരിക്കുക- എന്ന തലക്കെട്ടോടെയുള്ള വീഡിയോയാണ് യുവരാജ് ട്വീറ്ററില്‍ പങ്കുവെച്ചത്. ചുവന്ന ടെന്നീസ് ബോള്‍ തറയില്‍ എറിഞ്ഞു പിടിച്ചു യുവി നീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഏകദിന ലോക കപ്പ് ട്രോഫി കൈയിലേന്തിയത് അടക്കമുള്ള ചിത്രങ്ങളും വീഡിയോയിലുണ്ട്. യുവി ബാറ്റ് വീശുന്നതും വീഡിയോയില്‍ കാണാം. എന്റെ രണ്ടാം ഇന്നിംഗ്‌സിന് സമയമായി എന്ന വാചകത്തോടെ വീഡിയോ അവസാനിക്കുന്നു.

യുവരാജ് എന്ത് അത്ഭുതമാണ് ഒരുക്കാന്‍ പോകുന്നതെന്ന ചര്‍ച്ചയിലാണ് ആരാധകര്‍. അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ യുവി ഐപിഎല്ലില്‍ നിന്നും പിന്മാറിക്കഴിഞ്ഞു. എങ്കിലും ചില ഫ്രാഞ്ചൈസി ലീഗുകളില്‍ താരം നോട്ടമിട്ടിട്ടുണ്ടെന്നാണ് വിവരം. ഏതായാലും യുവരാജിന്റെ അടുത്ത വാക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.