വീണ്ടും യുവി ഇടിമുഴക്കം; അമ്പരന്ന് ആരാധകര്‍

ഇത്തവണത്തെ ഐപിഎല്‍ ലേലത്തിലെ ആദ്യ ഘട്ടത്തില്‍ ടീമുകളെല്ലാം കയ്യൊഴിഞ്ഞ യുവരാജ് സിങ്ങിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയപ്പോള്‍ നിരവധി പേരാണ് നെറ്റി ചുളിച്ചത്. യുവിയുടെ ബാറ്റില്‍ നിന്നുള്ള റണ്ണൊഴുക്ക് നിലച്ചിട്ടുണ്ടെന്നും താരത്തിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നുമായിരുന്നു വിമര്‍ശകര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍, യുവിയുടെ പോരാട്ട വീര്യം ഇതിനെല്ലാം മറുപടി പറയുന്നതാണ് ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരത്തില്‍ തന്നെ ആരാധകര്‍ കണ്ടത്.

ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഈ സീസണ്‍ ഐപിഎല്ലിലെ ആദ്യ മത്സരത്തിലാണ് കിടിലന്‍ അര്‍ധ സെഞ്ചുറിയോടെ തന്നെ എന്തുകൊണ്ട് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയെന്ന് യുവി തെളിയിച്ചത.് 35 പന്തില്‍ അഞ്ച് ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമടക്കം യുവി നേടിയ 53 റണ്‍സ് ഇന്നിംഗ്‌സ് ആരാധകരെ മുഴുവന്‍ ആവേശത്തിലാഴ്ത്തിയിരുന്നു. സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടുമ്പോള്‍ അത് കൊണ്ടു തന്നെ ആരാധകര്‍ യുവിയുടെ ബാറ്റിംഗിലേക്ക് ഉറ്റുനോക്കുന്നതും വലിയ പ്രതീക്ഷയോടെയാവും.

ബാംഗ്ലൂരിനെതിരായ ഐപിഎല്‍ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗാണ് യുവി പുറത്തെടുത്തത്. യുവിയുടെ പല ഷോട്ടുകളും ഗ്യാലറിയിലേക്കാണെത്തിയത്. നിലവില്‍ താന്‍ മികച്ച ഫോമിലാണെന്ന് തെളിയിക്കുന്ന തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്നലെ യുവിയുടേത്. യുവിയുടെ ബാറ്റിംഗ് പരിശീലനത്തിന്റെ ഒരു ചെറിയ വീഡിയോ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്ക് വെച്ചിട്ടുമുണ്ട്.