ആരാധകരോട് യുവി, 2019 ലോകകപ്പ് വരെ കാത്തിരിക്കുക

ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്ങിന്റെ കാലം ഏതാണ്ട് വഴിമുട്ടിയ അവസ്ഥയിലാണ്. വിശ്രമമില്ലാതെ ഇന്ത്യന്‍ ടീം പരമ്പരകള്‍ കളിക്കുമ്പോഴും ശാരീരികക്ഷമതയുടെ പേരില്‍ യുവരാജിനെ ഒഴിവാക്കി നിര്‍ത്തുകയാണ് സെലക്ടര്‍മാര്‍. എങ്കിലും അങ്ങനെ തോറ്റു കൊടുക്കാന്‍ താന്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുവി. കുറഞ്ഞത് 2019 ലോകകപ്പ് വരെയെങ്കിലും ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ താന്‍ ശ്രമം തുടരുമെന്നാണ് യുവിയുടെ പറയുന്നത്. യുനിസെഫ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയുടെ ഭാഗമായി നടത്തിയ സംവാദത്തിലാണ് യുവരാജ് മനസ്സു തുറന്നത്.

ഞാന്‍ സ്ഥിരമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് സമ്മതിക്കുന്നു. കഴിഞ്ഞ മൂന്ന് ഫിറ്റ്‌നസ് ടെസ്റ്റിലും യോഗ്യതാ മാര്‍ക്ക് കടക്കാന്‍ എനിക്കു സാധിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഞാന്‍ പാസായി. എന്നിട്ടും നീണ്ട 17 വര്‍ഷങ്ങള്‍ക്കു ശേഷവും ഞാന്‍ പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നു. എന്നിരുന്നാലും തോല്‍വിയെ ഞാന്‍ ഭയക്കുന്നില്ല. ഉയര്‍ത്ത താഴ്ചകളിലൂടെയാണ് ഇതുവരെ എന്റെ കരിയറും ജീവിതവും കടന്നുവന്നത്. തോല്‍വിയെ പലകുറി ഞാന്‍ മുഖാമുഖം കണ്ടു. അതാണ് എന്റെ വിജയങ്ങള്‍ക്ക് ചവിട്ടു പടികളായതെന്ന് പിന്നെ എനിക്ക് മനസിലായി. പരാജയങ്ങളെ അഭിമുഖീകരിക്കുമ്പോഴാണ് കരുത്തുള്ള വ്യക്തി ജനിക്കുന്നത്.

തന്റെ ഇപ്പോഴത്തെ ഫോമില്‍ എത്രപേര്‍ തന്നില്‍ വിശ്വസിക്കുന്നുണ്ടെന്ന് അറിയില്ലെന്ന് പറഞ്ഞ യുവി താന്‍ ഇപ്പോഴും വിശ്വാസം കൈവിട്ടിട്ടില്ലെന്ന് കൂട്ടിച്ചേര്‍ത്തു. പ്രായം കൂടുന്ന സ്ഥിതിക്ക് ഇപ്പോള്‍ ഞാന്‍ പണ്ടത്തെക്കാള്‍ കൂടുതല്‍ ശ്രമം നടത്തണം. 2019 ലോകകപ്പ് വരെ ക്രിക്കറ്റില്‍ കളിക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ സ്വപ്‌നം കാണുന്നതെന്നും യുവരാജ് സിങ് പറഞ്ഞു.

2011ലെ ഇന്ത്യക്ക് ലോകകപ്പ് നേടിത്തരുന്നതില്‍ ഏറ്റവും ശ്രദ്ധേയമായ പങ്കുവഹിച്ച താരമാണ് യുവരാജ്. ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും, 304 ഏകദിനങ്ങളും, 58 ട്വന്റി20കളും യുവരാജ് കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 1900 ഉം ഏകദിനത്തില്‍ 8701 ഉം ട്വന്റി20യില്‍ 1177 റണ്‍ുമാണ് യുവിയുടെ സമ്പാദ്യം.