യുവി ഭായ് ഞാൻ നിങ്ങളുടെ റെക്കോഡ് ഇങ്ങോട്ട് എടുക്കുവാ, അത് മറികടക്കുമെന്ന് ഉറപ്പായിരുന്നു; വെളിപ്പെടുത്തി പാണ്ഡ്യ

ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ ഓൾറൗണ്ട് പ്രകടനമാണ് വ്യാഴാഴ്ച സതാംപ്ടണിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 ഐ ഏറ്റുമുട്ടലിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. വെറും 31 പന്തിൽ 51 റൺസെടുത്ത പാണ്ഡ്യയുടെ ബാറ്റിംഗാണ് ഇന്ത്യയെ അവരുടെ 20 ഓവറിൽ 198 റൺസിന്റെ കൂറ്റൻ സ്‌കോറിലേക്ക് സഹായിച്ചത്.

ഈ ഫോർമാറ്റിൽ ഒരേ മത്സരത്തിൽ ഫിഫ്റ്റിയും 4 വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യൻ ഓൾറൗണ്ടറായി പാണ്ഡ്യ മാറി. മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്ങിനൊപ്പം അപൂർവ ഡബിൾ ക്ലബ്ബിൽ 28-കാരൻ സ്ഥാനം ഉറപ്പിച്ചു. 2009ൽ മൊഹാലിയിൽ ശ്രീലങ്കയ്‌ക്കെതിരായ ടി20യിൽ കുമാർ സംഗക്കാര, ചിന്തക ജയസിംഹ, ചാമര കപുഗേദര എന്നിവരുടെ 3 നിർണായക വിക്കറ്റുകളും 240 എന്ന സ്‌ട്രൈക്ക് റേറ്റിൽ വെറും 25 പന്തിൽ 60 റൺസ് നേടിയ യുവരാജ് വർഷങ്ങളായി കൈവശം വെച്ച റെക്കോർഡ് പാണ്ഡ്യ മറികടന്നു.

മൊത്തത്തിൽ, ഒരേ മത്സരത്തിൽ ഒരു ഫിഫ്റ്റിയും 4 വിക്കറ്റും നേടുന്ന 12-ാമത്തെ കളിക്കാരനും അങ്ങനെ ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും താരം തന്നെയാണ്. തന്റെ ഏറ്റവും പുതിയ നേട്ടത്തെക്കുറിച്ച് പാണ്ഡ്യയ്ക്ക് അറിയാമായിരുന്നു. മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ, ഈ റെക്കോർഡിനെക്കുറിച്ച് തനിക്ക് അറിയാമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

“ഞാൻ ഇംഗ്ലണ്ടിൽ അവസാനമായി ടി20 കളിച്ചപ്പോൾ, ഞാൻ 4 വിക്കറ്റ് വീഴ്ത്തുകയും ഏകദേശം 30 റൺസ് നേടുകയും ചെയ്തു. അതുകൊണ്ട് അർദ്ധസെഞ്ചുറിയും 4 വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യക്കാരൻ ഞാനാണെന്ന് എനിക്കറിയാമായിരുന്നു. ഞാനിപ്പോൾ എന്റെ ക്രിക്കറ്റ് ആസ്വദിക്കുകയാണ്,” ഐപിഎൽ ജേതാവായ ക്യാപ്റ്റൻ പറഞ്ഞു.

വ്യാഴാഴ്ച എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ 50 റൺസിന് വിജയിച്ചെങ്കിലും ഫീൽഡിംഗ് യൂണിറ്റ് എന്ന നിലയിൽ കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്ന് ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മ മത്സരശേഷം പറഞ്ഞു. ഇംഗ്ലണ്ട് ബാറ്റിങ് പോലെ തന്നെ മോശമായിരുന്നു ഇന്ത്യൻ ഫീൽഡിങ്ങും.

ആദ്യ ടി20 യിൽ തന്നെ ആറോളം ക്യാച്ചുകൾ ഫീൽഡറുമാർ കൈവിട്ടു എന്നത് അത്ര സന്തോഷം തരുന്ന കാര്യമല്ല. ഭാഗ്യവശാൽ, ബൗളർമാർ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിക്കുകയും ഇംഗ്ലീഷ് ബാറ്റർമാരെ നിരന്തരം പരീക്ഷിക്കുകയും ചെയ്തതിനാൽ കൂടുതൽ അപകടങ്ങൾ ഒന്നും സംഭവിക്കാതെ തന്നെ ഇന്ത്യ മത്സരം വിജയിച്ചു.